kadalakramanam

എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിലുണ്ടായ കടലേറ്റേത്തിൽ മരം കടപുഴകി വീണ നിലയിൽ.

കൊടുങ്ങല്ലൂർ : തീരദേശത്ത് കടലേറ്റം രൂക്ഷമായി തുടരുന്നു. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിലും എടവിലങ്ങ് പഞ്ചായത്തിലെ വാക്കടപ്പുറത്തുമാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ഒന്നാം വാർഡിൽ കടലോരത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങൾ കടലേറ്റ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ മണൽതിട്ട സ്ഥാപിച്ചതിനാൽ തത്കാലം കടലേറ്റം പ്രതിരോധിക്കാനായി. ഇന്ന് കൂടുതൽ ജിയോ ബാഗ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര നിലം പതിക്കാൻ സാദ്ധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറിയാട് ഐക്കര കുട്ടന്റെ കുടുംബത്തെ സൈക്ലോൺ ഷെൽട്ടർ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.
ശക്തമായ മഴയിൽ ശ്രീനാരായണപുരത്ത് കോളേജിന്റെ ചുറ്റുമതിൽ തകർന്നു വീണു. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിന്റെ ചുറ്റുമതിലാണ് ഇന്നലെ വൈകിട്ട് തകർന്നു വീണത്. കോളേജിന്റെ വടക്ക് ഭാഗത്ത് ശ്രീനാരായണപുരം റോഡിനോട് ചേർന്നുള്ള 150 മീറ്ററോളം ഭാഗമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.