ചാലക്കുടി: വെള്ളക്കെട്ട് തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ തോടുകൾ ശുചീകരിക്കൽ പുരോഗമിക്കുന്നു. പറയൻ തോട്ടിലാണ് പ്രധാനമായും ശുചീകരണം. ജങ്കാറിൽ ഹിറ്റാച്ചി ഘടിപ്പിച്ചാണ് പ്രവർത്തനങ്ങൾ. ദേശീയപാതയുടെ താഴ്ഭാഗത്ത് പുഞ്ചപ്പാടം തച്ചുടപറമ്പ് തടയണ വരെ പറയൻ തോട്ടിലെ തടസം നീക്കിയതായി നഗരസഭ അറിയിച്ചു. പറയൻ തോട്ടിലേക്കുള്ള കൈവഴികളായ അട്ടാതോട്, ഇടുക്കൂട് തോട്, എന്നിവയും, കുട്ടാടം പാടം തോട്, കൂടപ്പുഴ തോട്, ആര്യങ്കാല തോട് എന്നിവയിലും ഇത്തരത്തിൽ ശുചീകരണം നടക്കുന്നുണ്ട്. യന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും തടസം നീക്കുകയാണ്. മഴക്കാല പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് 15 ലക്ഷം രൂപയാണ് നഗരസഭ നീക്കിവച്ചത്.