തൃശൂർ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ, രണ്ടാം ഘട്ടമായി 20 പേർ ലിവിംഗ് വിൽ തയ്യാറാക്കി ഒപ്പുവച്ചു. മാർച്ച് 12ന് നടന്ന ആദ്യഘട്ടത്തിൽ 30 പേരാണ് ഒപ്പിട്ടത്. ഈ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്താൻ ആദ്യപരിപാടി കാരണമായെന്ന് ഇത്തവണയും ഒപ്പുവെയ്ക്കലിന് മേൽനോട്ടം വഹിക്കുകയും രേഖകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഡോ. പി.വി. അജയൻ അഭിപ്രായപ്പെട്ടു. ഡോ പിഷാരടി ചന്ദ്രൻ, ഡോ. കെ. ഗിരീശൻ, സിസ്റ്റർ നിഷ, സാമൂഹിക പ്രവർത്തകനായ ഫാ. ജോർജ് പുലിക്കുത്തിയിൽ, വി.വി. സുധാകരൻ, അജിത്, വിശാലം, ഹരിദാസ് സി. നായർ, ശ്രീദേവി ഹരിദാസ്, സ്‌കറിയ തുടങ്ങിയവർ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു. പ്രൊഫ. എൻ.എൻ. ഗോകുൽദാസ്, ശിവദാസ് എന്നിവർ നേതൃത്വം നൽകി.
ലിവിംഗ് വിൽ അഥവാ മരണതാത്പര്യ പത്രം
ചികിത്സിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയിൽ ഒരാൾ എത്തിയാൽ, ഇനിയെന്ത് ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള ശേഷി ആ വ്യക്തിക്ക് നഷ്ടപ്പെട്ടാൽ മുൻകൂട്ടി തയ്യാറാക്കുന്ന പ്രമാണമാണ്, ലിവിംഗ് വിൽ അഥവാ മരണതാത്പര്യ പത്രം. വേദനയകറ്റുകയും സുഖം നൽകുകയും ചെയ്യാത്ത എല്ലാ ചികിത്സയും അവസാനിപ്പിച്ച് മരണം നീട്ടിവെയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും പിൻവലിക്കണമെന്ന് നിർദ്ദേശിക്കുന്നതാണിത്.