തൃശൂർ: എളുപ്പത്തിൽ തയ്യാറാക്കാൻ നിയമം ലംഘിച്ച് പച്ചമുട്ട കൊണ്ട് മയോണൈസ് ഉണ്ടാക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. പരിശോധന നടക്കുമെന്ന് മുൻകൂട്ടി അറിയുമ്പോൾ ഉടനെയെല്ലാം നശിപ്പിക്കുന്നതിനാൽ സാമ്പിൾ കിട്ടില്ല. പെരിഞ്ഞനത്ത് വീട്ടമ്മ മയോണൈസ് ചേർത്ത കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കടുപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ മാത്രം ഉപയോഗിക്കാൻ അനുവാദം നൽകിയത്. പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു. ആരോഗ്യ മന്ത്രിയും ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലായിരുന്നു തീരുമാനം. രണ്ട് മണിക്കൂറിലേറെ സമയം മയോണൈസ് വച്ചിരുന്നാൽ അപകടകരമാകുന്നതിനാൽ തീരുമാനത്തോട് എല്ലാവരും യോജിച്ചു.
പെരിഞ്ഞനത്തുണ്ടായ വിഷബാധയിൽ ചികിത്സയിലുള്ളവരുടെ സ്രവങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ നിന്ന് കൃത്യമായ വിവരം കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഭക്ഷ്യവിഷ ബാധയെത്തുടർന്ന് കഴിഞ്ഞദിവസം മരിച്ച ഉസൈബയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് മാത്രമാണ് കാരണം കണ്ടെത്താനുള്ള പോംവഴി.
വിഷമാകുന്ന പച്ചമുട്ട
പച്ചമുട്ടയും വേവിക്കാത്ത ഇറച്ചിയും ചൂടാക്കാത്ത പാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയിലടങ്ങിയ സാൽമൊണെല്ല ബാക്ടീരിയ മനുഷ്യന്റെ ദഹന പ്രക്രിയയെ ഗുരുതരമായി ബാധിക്കും. അണുബാധ പ്രധാനമായും ബാധിക്കുന്നത് വൃക്ക, ശ്വാസകോശം, ഹൃദയം, തലച്ചോറ്, രക്തം തുടങ്ങിയവയിലാണ്. പനി, വയറിളക്കം, വിറയൽ, ചുമ, വിയർക്കൽ, തുമ്മൽ തുടങ്ങിയവയാണ് അണുബാധയുടെ ലക്ഷണങ്ങൾ.
നിബന്ധനകളേറെ, നടപ്പാക്കിയോ ?
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. അതിൽ പലതും നടപ്പായില്ല. നടപ്പാക്കാനുള്ള നടപടികളും കർശനമായില്ല.
1. ഭക്ഷണം പാഴ്‌സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം.
2. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം.
3. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം.
@ പെരിഞ്ഞനം സെയിൻ ഹോട്ടലിലെ ഭക്ഷ്യവിഷബാധയിൽ ചികിത്സ തേടിയവർ: 233 ലേറെ
@ കുട്ടികളുൾപ്പെടെ ചികിത്സയിലുള്ളത്: അമ്പതോളം
മൺസൂൺ പരിശോധന മൂന്ന് മാസം വളരെ കർശനമായി നടപ്പാക്കി. ഹോട്ടലിലാണ് പരിശോധന കൂടുതൽ കേന്ദ്രീകരിക്കുന്നത്. മറ്റ് ഭക്ഷണ വിതരണ സ്ഥാപനങ്ങളും ബേക്കറികളും മാർക്കറ്റും പരിശോധിക്കും.
ബൈജു ജോസഫ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ.