തൃശൂർ: സ്‌കൂൾ ബസ് എവിടെയെത്തി? വീട്ടിലെത്താറായോ? തുടങ്ങിയ പ്രധാന ആശങ്കകൾക്ക് പരിഹാരമായി മോട്ടോർവാഹന വകുപ്പിന്റെ വിദ്യാവാഹൻ ആപ്പ്. വിദ്യാർത്ഥികൾ വീടെത്താൻ വൈകിയാൽ രക്ഷിതാക്കൾ ഭയപ്പെടേണ്ട. അവർ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനം എവിടെയെത്തിയെന്ന് ഈ ആപ്പിലൂടെ അറിയാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ആവശ്യമെങ്കിൽ ബസിലെ ആയയുമായി ആപ്പിലൂടെ സംസാരിക്കാനുമാകും.
വാഹനം അമിത വേഗതയിലാണോ, റൂട്ട് മാറി സഞ്ചരിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും രക്ഷിതാക്കളുടെ വിരൽത്തുമ്പിലെത്തും.
എന്നാൽ വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവർമാരെ വിളിക്കാനാകില്ല. സ്‌കൂൾ അധികൃതർ സുരക്ഷമിത്ര വെബ് പോർട്ടലിൽ സ്‌കൂൾ വാഹനങ്ങളുടെയും ബസിലെ ജീവനക്കാരുടെയും വിവരങ്ങൾ ചേർത്ത് ആ വിവരം രക്ഷിതാക്കൾക്ക് കൈമാറണം. ഓരോ വിദ്യാർത്ഥിയും പോകുന്ന വാഹനം വ്യത്യസ്തമായതിനാൽ വാഹനങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് പ്രത്യേകമായി കൈമാറണമെന്നുണ്ട്.
വിരൽത്തുമ്പിൽ വിവരങ്ങൾ
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് വിദ്യാവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. സ്‌കൂളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി നൽകി ലോഗിൻ ചെയ്യാം. ഹോം പേജിൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്ത നമ്പറിൽ സ്‌കൂൾ വാഹനങ്ങളുടെ ലിസ്റ്റ് ലഭിക്കും. നിരീക്ഷിക്കേണ്ട വാഹനത്തിന് നേരേയുള്ള ലൊക്കേറ്റ് ബട്ടൺ അമർത്തിയാൽ വാഹന നമ്പർ, തീയതി, സമയം, വേഗത എന്നിവ അറിയാം. വാഹനത്തിലെ ജീവനക്കാരുടെ പേരിന് നേരെയുളള കാൾ ബട്ടണമർത്തി അവരുമായി സംസാരിക്കാം.
ആപിനെക്കുറിച്ച് കൂടുതൽ അറിയാൻ ടോൾ ഫ്രീ നമ്പർ 18005997099
വെബ്‌സൈറ്റ് https://mvd.kerala.gov.in/