തൃശൂർ: നോർത്ത് വയനാട് വനം ഡിവിഷനിലെ ഒമ്പതിടത്തു നടന്ന സർവേയിൽ 97 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 59 ഇനം കല്ലൻതുമ്പികളും 38 ഇനം സൂചിത്തുമ്പികളുമാണ്. വനംവകുപ്പും സൊസൈറ്റി ഫൊർ ഓഡോണേറ്റ് സ്റ്റഡീസും സംയുക്തമായാണ് ത്രിദിനസർവേ നടത്തിയത്.
കുറെക്കാലമായി ഈ മേഖലയിൽ പഠനം നടത്തുന്ന ഗവേഷകരുടെ മുൻ കണക്കും ചേർത്ത് നോർത്ത് വയനാട് വനം ഡിവിഷനിൽ കാണുന്ന തുമ്പികളുടെ എണ്ണം 114 ആയി. ഇതിൽ 35 ഇനങ്ങൾ അപൂർവവും പശ്ചിമഘട്ടത്തിൽ മാത്രമുള്ളതുമാണ്. നീലക്കഴുത്തൻ നിഴൽത്തുമ്പി, വർണ നിഴൽത്തുമ്പി, വടക്കൻ മുളവാലൻ, പൊക്കൻകടുവ, വിരൽവാലൻ കടുവ, നീലഗിരി മലമുത്തൻ, ചൂടൻ പെരുങ്കണ്ണൻ, മിനാരക്കോമരം എന്നിവയാണവ.
നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ. മാർട്ടിൻ ലോവൽ സർവേ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസർമാരായ കെ. രാകേഷ്, പി.വി. സനൂപ് കൃഷ്ണൻ, രമ്യ രാഘവൻ, പി. രജിത്ത് എന്നിവർ നേതൃത്വം നൽകി. നോർത്ത് വയനാട് ഡിവിഷനിലെ ഉരഗ, ഉഭയ ജീവികൾ, പക്ഷികൾ എന്നിവയെപ്പറ്റിയും തുടർപഠനമുണ്ടാകും.
തുമ്പികളുടെ സാന്നിദ്ധ്യം വനങ്ങളുടെ മികച്ച ആരോഗ്യത്തെ കാണിക്കുന്നു. തുമ്പികളെപ്പറ്റി കൂടുതൽ പഠനം നടത്തണം.- സി.എസ്. അൻവർ, കോ - ഓർഡനേറ്റർ, ഗ്രീൻ ഇന്ത്യ മിഷൻ