തൃശൂർ: വില്ലേജ് ഓഫീസിലെ ക്ളാർക്ക് ജോലി ഉപേക്ഷിച്ച് രണ്ട് പശുക്കളുമായി പാൽക്കച്ചവടത്തിനിറങ്ങിയ പാലക്കാട്ടെ എം.ബി.എക്കാരി സ്മിത ഇപ്പോൾ രണ്ട് ഫാമുകളുടെ ഉടമയാണ്. കേരളശ്ശേരിയിൽ പാട്ടത്തിനെടുത്ത മൂന്നരയേക്കറിലുള്ള കാവേരി ഫാമിൽ 25ലധികം കറവപ്പശുക്കളുണ്ട്. പ്രതിദിനം 300 ലിറ്ററിലധികം പാൽ ലഭിക്കും.
പശുവില്പനയ്‌ക്കായി കുഴൽമന്ദം ചിതലിയിൽ ഒരു മാസം മുമ്പ് മറ്റൊരു ഫാമും തുടങ്ങി. സ്ഥലവാടകയുൾപ്പെടെയുള്ള ചെലവ് കഴിച്ച് മാസ ലാഭം രണ്ട് ലക്ഷത്തിലധികം. എൽ.എൽ.ബി വിദ്യാർത്ഥികൂടിയാണ് സ്മിത. പശു, ആട്, കോഴി എന്നിവയെ വളർത്തിയിരുന്ന കുടുംബപശ്ചാത്തലമാണ് ഫാം തുടങ്ങാൻ സഹായിച്ചത്. കേരളശ്ശേരിയിൽ നാല് കൊല്ലം മുമ്പാണ് ഫാം തുടങ്ങിയത്. പശു പരിപാലനത്തിന് നാല് അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ആവശ്യക്കാരേറിയതോടെ രണ്ട് വർഷം മുമ്പ് പശുക്കച്ചവടവും തുടങ്ങി. ജഴ്‌സി, എച്ച്.എഫ് വിഭാഗങ്ങളും സങ്കരയിനങ്ങളുമുൾപ്പെടെ മാസം 30-40 പശുക്കളെ വിൽക്കും. പശുവൊന്നിന് 2000 രൂപ വരെ കമ്മിഷൻ ലഭിക്കും.
ആഭരണം വിറ്ര് മുതൽമുടക്കുണ്ടാക്കി
വായ്പയ്‌ക്ക് സമീപിച്ചെങ്കിലും പല ബാങ്കുകളും നിഷേധിച്ചു. തുടർന്ന് ആഭരണങ്ങളുൾപ്പെടെ വിറ്റാണ് സ്ഥലം പാട്ടത്തിനെടുത്ത് ഫാം തുടങ്ങിയത്. സേലം, ഉടുമൽപ്പേട്ട, പഴനി, കൃഷ്ണഗിരി എന്നിവടങ്ങളിൽ നിന്നാണ് സങ്കരയിനമുൾപ്പെടെയുള്ള മികച്ച പശുക്കളെയെത്തിക്കുന്നത്. കാവേരി ഫാംസ് എന്ന യുട്യൂബ് ചാനലും കച്ചവടത്തിനുപയോഗിക്കുന്നുണ്ട്.
'തുടക്കത്തിലെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് സ്വപ്നം സഫലമാക്കിയത്. കഠിനാദ്ധ്വാനം ചെയ്താലേ വിജയിക്കൂ"
-സ്മിത.