കൊടുങ്ങല്ലൂർ : ദേശീയപാത ബൈപാസിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്ന സി.പി.എം പ്രഖ്യാപനം വന്നതോടെ ചന്തപ്പുര-ഉഴുവത്തുകടവ് റോഡ് അറ്റകുറ്റപ്പണി നടത്തിയും കാനകൾ മണ്ണിട്ട് നികത്തിയത് തുറന്ന് പുനഃസ്ഥാപിച്ചും ദേശീയപാത അധികൃതരും കരാറുകാരും. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീതയും മുൻ ചെയർമാനും വാർഡ് കൗൺസിലറുമായ കെ.ആർ. ജൈത്രനും ദേശീയപാത അധികൃതരോട് റോഡ് വെട്ടിപ്പൊളിച്ചത് പുനർനിർമിക്കുന്നതിനും സുരക്ഷിതമായി ഗതാഗതം നടത്തുന്നതിനുമായി പലകുറി ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് കളക്ടർക്ക് പരാതിയും നൽകിയിരുന്നു. കുടിവെള്ള പൈപ്പ് മാറ്റുന്നതിന് ഭീമമായ കുഴികൾ ഉണ്ടാക്കി റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത നിലയിലായിരുന്നു. കാലതാമസമില്ലാതെ അടിയന്തരമായി നിർമ്മാണം പൂർത്തീകരിക്കണമെന്നും നേരിട്ട് സ്ഥലത്ത് ചെന്ന് തുടർനടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ദേശീയപാത പ്രൊജക്ട് ഡയറക്ടറോഡ് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശം ലഭിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. മഴ വ്യാപകമായപ്പോൾ നീർച്ചാലുകൾ അടഞ്ഞുപോയതിനാൽ പല വീടുകളിലും വെള്ളം കയറി. ഉഴുവത്തുകടവ് റോഡിൽ വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ ചന്തപ്പുരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യം കരാറുകാരെയും അധികൃതരെയും അറിയിച്ചതോടെ പെട്ടെന്ന് തന്നെ ജോലികൾ പൂർത്തീകരിക്കുകയായിരുന്നു. തുടർന്ന് സമരം മാറ്റിവച്ചതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. പ്രബേഷ് അറിയിച്ചു.