തൃശൂർ : കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും മന്ത്രി ഗണേശ്കുമാറിന്റെ സമ്മാനം. മലപ്പുറം തിരുന്നാവായ മൺട്രോ വീട്ടിൽ ലിജിഷിന്റെ ഭാര്യ സെറീനയ്ക്കും ( 37) കുഞ്ഞിനുമാണ് സമ്മാനം നൽകിയത്. അമല മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം ഡോക്ടർമാരുടെയും സ്റ്റാഫംഗങ്ങളുടെയും സമയോചിതമായ പ്രവർത്തനത്തെയും മന്ത്രി അഭിനന്ദിച്ചു.
ബസിൽ പ്രസവിച്ച സെറീനയ്ക്കും കുഞ്ഞിനുമുള്ള സമ്മാനം മന്ത്രിക്കായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കലിന് കൈമാറി. അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സ പൂർണമായും സൗജന്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ, ഗൈനക്കോളജി മേധാവി ഡോ.അനോജ് കാട്ടൂക്കാരൻ, എമർജൻസി വിഭാഗം മേധാവി ഡോ.ലീനസ് എന്നിവർ സംസാരിച്ചു. തൃശൂരിൽ നിന്ന് കുറ്റ്യാടി തൊട്ടിൽപ്പാലത്തേക്ക് പോകുന്ന ബസിലാണ് ബുധനാഴ്ച്ച ഉച്ചയ്ക്ക് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബസ് ജീവനക്കാർക്ക്
അഭിനന്ദനം
ബസിൽ യുവതി പ്രസവിച്ച സംഭവത്തിൽ ജീവനക്കാർക്ക് മന്ത്രിയുടെ അഭിനന്ദനവും ഗുഡ് സർവീസ് എൻട്രിയും. ഇന്നലെ വൈകിട്ടാണ് മന്ത്രി ഗണേശ്കുമാർ കണ്ടക്ടർ അജയനെയും ഡ്രൈവർ ഷിജിത്തിനേയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്. ഗുഡ് സർവീസ് എൻട്രിയും പ്രശസ്തിപത്രവും നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇരുവരുടെയും അവസരോചിതമായ പ്രവർത്തനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
മഴക്കെടുതി: 4 മരണം
കോഴിക്കോട്ട് 9പേർക്ക് മിന്നലേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ നാലുപേർ കൂടി മരിച്ചു. ഇതോടെ ഇതുവരെ വേനൽമഴയിൽ മരിച്ചവരുടെ എണ്ണം 24 ആയി. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ മത്സ്യത്തൊഴിലാളികളടക്കം ഒൻപത് പേർക്ക് മിന്നലേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലത്ത് വിവിധയിടങ്ങളിലായി മൂന്നുപേരെ ഒഴുക്കിൽപെട്ട് കാണാതായി.
ചേർത്തലയിലും കായംകുളത്തും വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് രണ്ടു പേർ മരിച്ചത്. ചേർത്തല പള്ളിപ്പുറം ഇടത്തട്ടിൽ അശോകൻ (65), കായംകുളം പത്തിയൂർ തോട്ടമുറിയിൽ മങ്ങാട്ടുശ്ശേരിൽ ആനന്ദവല്ലിഅമ്മ (58). കോട്ടയത്ത് മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്റെ (45) മൃതദേഹം കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ ഒഴുകിവരുന്ന സാധനങ്ങൾ പിടിക്കുന്നതിനിടയിൽ തിങ്കളാഴ്ചയാണ് ഒഴുക്കിൽപെട്ടത്. തൃശൂർ മരത്താക്കരയിൽ മിന്നലേറ്റ് കള്ളാടത്ത് സ്വദേശി അശോകൻ (72) മരിച്ചു.
കൊല്ലത്ത് ഓടനാവട്ടം കട്ടയിൽ സുധർമ്മ വിലാസത്തിൽ സുലഭ രാധാകൃഷ്ണൻ (50), പത്തനാപുരം കമുകുംചേരി ചെന്നിലമൺ കമലാലയത്തിൽ വത്സല (55), ചാത്തന്നൂർ മീനാട് തുണ്ടുവിള കിഴക്കതിൽ വീട്ടിൽ രാജശേഖരൻ നായർ (54) എന്നിവരെയാണ് ഒഴുക്കിൽപെട്ട് കാണാതായത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ സുലഭ രാധാകൃഷ്ണൻ വീടിനോട് ചേർന്നുള്ള കട്ടയിൽത്തോട്ടിൽ ഒഴുക്കിൽപെട്ടത്. കല്ലടയാറിന്റെ കരയിലുള്ള ചെന്നിലമൺ ഭാഗത്താണ് വത്സലയെ ഒഴുക്കിൽപെട്ട് കാണാതായത്. രാജശേഖരൻ നായർ ഇത്തിക്കരയാറ്റിലാണ് ഒഴുക്കിൽപ്പെട്ടത്.