ചാലക്കുടി: രണ്ടുകൈ വനത്തിൽ അവശനിലയിൽ കാണപ്പെട്ട പോത്ത് ചത്തു. പന്ത്രണ്ട് വയസ് തോന്നിക്കുന്ന ആൺ പോത്താണ് വാരൻകുഴി വനത്തിൽ ചത്തത്. വനപാലകരുടെ നിരീക്ഷണ സംഘം സമീപത്തുണ്ടായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജനവാസ മേഖലയിൽ പോത്ത് പ്രത്യക്ഷപ്പെട്ടത്. ദേഹത്ത് പരിക്കുണ്ടായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇതിനെ നിരീക്ഷിക്കാൻ ചായ്പ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ പത്ത് പേരുൾപ്പെടുന്ന ആർ.ആർ.ടി സംഘം രൂപീകരിച്ചിരുന്നു. ജനവാസ മേഖലയിലെത്തിയിരുന്ന കാട്ടുപോത്തിനെ ആർ.ആർ.ടി വിഭാഗം കാട്ടിലേയ്ക്ക് കടത്തിവിട്ടെങ്കിലും വീണ്ടും തിരിച്ചെത്തിയിരുന്നു. കാട്ടിൽ കയറിയ പോത്ത് അന്ത്യശ്വാസം വലിച്ചു. പ്രായാധിക്യമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. മറ്റ് ജന്തുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതാകാമെന്ന് കരുതുന്നു.