പുതുക്കാട് : വന്യജീവി സംഘർഷം കൂടുതലുള്ള ഒമ്പതിടത്ത് ആർ.ആർ.ടി രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം പാലപ്പിള്ളിക്കും ഗുണം ചെയ്‌തേക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. ഭൂരിപക്ഷം വരുന്ന തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് പ്രദേശവാസികൾ. രണ്ട് വർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.
പാലപ്പിള്ളി, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചുകളുടെയും ചിമ്മിനി വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെയും സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് വന്യജീവി സംഘർഷം കൂടുതലുള്ള ഈ മേഖല. വനാതിർത്തിയോട് ചേർന്നുള്ള റബ്ബർ തോട്ടങ്ങളാണ് ഭൂരിപക്ഷം വരുന്ന പ്രദേശം. റബർ തോട്ടങ്ങളിൽ അടിക്കാട് വളർന്നതോടെയാണ് കാട്ടിൽ നിന്നിറങ്ങുന്ന ആനകൾ തോട്ടങ്ങളിൽ തമ്പടിച്ച് തുടങ്ങിയത്. ചിമ്മിനി ഡാം റോഡിനോട് ചേർന്ന് വലിയകുളത്ത് കാലാവധിയായ റബർ മരം റീ പ്ലാന്റ് ചെയ്യാൻ മുറിച്ചു മാറ്റിയശേഷം വർഷങ്ങളോളം തരിശിട്ടതോടെ വളർന്ന അടിക്കാടുകൾ കാട്ടാനകളുടെ താവളമായി. ഇവിടെ ആനകൾ പ്രസവിക്കുക കൂടി ചെയ്തതോടെ ആനകൾ സ്ഥിരതാമസമായി. ആനകൾ അനിയന്ത്രിതമായി പെരുകിയതും, വനത്തിൽ തീറ്റയും കുറഞ്ഞതോടെ ആനകൾ ജനവാസ മേഖലയിലേക്ക് ആകർഷക്കപ്പെട്ടു.
തോട്ടം തൊഴിലാളികളിൽ ഭൂരിപക്ഷം പേരും താമസിക്കുന്നതും തോട്ടങ്ങളിൽ കമ്പനികൾ നിർമ്മിച്ചു നൽകിയ പാഡികളിലാണ്. ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിൽ പാലപ്പിള്ളിയിൽ വരുന്ന ആർ.ആർ.ടിയിൽ ആവശ്യമായ തസ്തികകളും അനുവദിച്ചു. അടിക്കടിയുള്ള മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനായി ആർ.ആർ.ടി അനുവദിക്കണമെന്ന എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പാലപ്പിള്ളിയിൽ ആർ.ആർ.ടി അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമായതായും കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
റാപിഡ് റെസ്പോൺസ് ടീം
പ്രത്യേക പരിശീലനം ലഭിച്ച വനപാലകരാണ് ആർ.ആർ.ടിയിൽ ഉണ്ടാവുക. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിൽ കയറ്റി വിടുന്നതിന് സഹായകരമായ ഉപകരണങ്ങൾ, വാഹനം എന്നിവയും സർക്കാർ നൽകും. റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രധാന ജോലി വന്യമൃഗങ്ങളും ജനങ്ങളുമായുള്ള സഘർഷം ഇല്ലാതാക്കുകയെന്നതാണ്. പിന്നീട് പ്രത്യേക കെട്ടിടം നിർമ്മിച്ചു നൽകും. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരുടെ 9 തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
പാലപ്പിള്ളിയിൽ പുതിയ ആർ.ആർ.ടി രൂപീകരിക്കും. കഴിഞ്ഞ കുറച്ചുവർഷമായി മനുഷ്യ വന്യജീവി സംഘർഷം ഏറെ കൂടുതലുള്ള പ്രദേശമാണ് പാലപ്പിള്ളി. രണ്ട് വർഷത്തിനിടയിൽ ആറ് വിലപ്പെട്ട മനുഷ്യജീവനുകളാണ് ഈ മേഖലയിൽ നഷ്ടപ്പെട്ടത്.
- കെ.കെ.രാമചന്ദ്രൻ, എം.എൽ.എ.