കൊടുങ്ങല്ലൂർ : മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എടവിലങ്ങിൽ അറപ്പ തുറന്നു. എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ് കടപ്പുറത്തേക്ക് പെരന്തോട്ടിലൂടെ ഒഴുകി വരുന്ന മഴവെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന പ്രവൃത്തിയാണ് അറപ്പ തുറക്കൽ. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകൾ സംയുക്തമായാണ് അറപ്പ തുറന്നത്. ജെ.സി.ബി ഉപയോഗിച്ച് കടപ്പുറത്തെ മൺതിട്ട നീക്കി ചാല് കീറിയതോടെ കെട്ടി നിൽക്കുന്ന മഴവെള്ളം കടലിലേക്കൊഴുകി തുടങ്ങി. അറപ്പ തുറന്നതോടെ തീരമേഖലയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ കുറവുണ്ടാകും. മുൻകാലങ്ങളിൽ ജൂൺ മാസത്തിൽ കാലവർഷം ശക്തമാകുമ്പോഴാണ് അറപ്പ തുറക്കാറുള്ളത്. ആദ്യമൊക്കെ നാട്ടുകാർ ചേർന്നാണ് അറപ്പ തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ യന്ത്രസഹായത്തോടെയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴക്കാലത്ത് ഒന്നിലധികം തവണ അറപ്പ തുറക്കേണ്ടതായി വരുന്നുണ്ട്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാബി ഉമ്മർ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുച്ചാലിൽ, പഞ്ചായത്ത് അംഗം സന്തോഷ് പുളിക്കൽ എന്നിവർ അറപ്പ തുറക്കലിന് നേതൃത്വം നൽകി.