തൃശൂർ: പടിഞ്ഞാറെക്കോട്ടയിൽ പ്രവർത്തിക്കുന്ന പ്രോട്ടീൻ മാളിൽ നിന്ന് രക്തസമ്മർദ്ദം കൂട്ടാനുള്ള മരുന്ന് അനുമതിയില്ലാതെ വിറ്റത് പിടിച്ചെടുത്തു. 200 ആംപ്യൂളും സ്റ്റിറോയ്ഡുമാണ് ഡ്രഗ്‌സ് വിഭാഗം പിടിച്ചെടുത്തത്. രക്തസമ്മർദ്ദം കൂട്ടാനായി നൽകുന്ന കുത്തിവെപ്പ് മരുന്നാണ് കണ്ടെത്തിയത്. കുറിപ്പടി നിർബന്ധമായ എച്ച് പട്ടികയിൽപെടുന്നതാണ് മരുന്ന്. സ്റ്റിറോയ്ഡിന്റെ 150 പാക്കറ്റാണ് കണ്ടുകെട്ടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഞ്ചാവ് കേസിൽ പിടിയിലായ വിഷ്ണു എന്ന ആളിന്റേതാണ് ഈ സ്ഥാപനം. ഇയാൾ രണ്ട് മാസമായി ജയിലിലാണ്. വനിതാ ജീവനക്കാർ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. ഇയാളുടെ വിട്ടീൽ നിന്നും ഇൻജക്ഷൻ മരുന്നും പിടിച്ചെടുത്തു. സീനിയർ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ സജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വെസ്റ്റ് പൊലീസുമെത്തി. സാധനങ്ങൾ കോടതിയിൽ ഹാജരാക്കി.