പാലപ്പിള്ളി: റബർ തോട്ടങ്ങളിൽ അനിയന്ത്രിതമായി വളർന്ന അടിക്കാടുകൾ ഉടൻ വെട്ടിമാറ്റുമെന്ന തോട്ടം മാനേജുമന്റുകളുടെ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്. രണ്ടു വർഷം മുമ്പ് സ്ഥലം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വന്യമൃഗശല്യത്തിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ അടിക്കാടുകൾ ഉടൻ വെട്ടിമാറ്റാമെന്ന് ഹാരിസൺ മലയാളം, കൊച്ചിൻ മലബാർ കമ്പനി പ്രതിനിധികൾ ഉറപ്പു നൽകിയിരുന്നു.ആനയുടെ ആക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെട്ടപ്പോഴും പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന്റെയും പശ്ചാത്തതലത്തിലായിരുന്നു അന്ന് യോഗം ചേർന്നത്.
കഴിഞ്ഞ ദിവസം കന്നാറ്റുപാടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനടുത്ത് പുലി ഇറങ്ങിയിരുന്നു. കാട് വെട്ടിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റ നടപടിയിൽ പ്രതിഷേധിച്ചാണ് ജൂൺ രണ്ടിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാട് വെട്ടൽ സമരം.