കൊടുങ്ങല്ലൂർ: കനത്ത മഴയിൽ ശ്രീനാരായണപുരത്ത് പെരുന്തോട് കര കവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന പ്രദേശത്തെ 200 ഓളം വീടുകളുടെ പരിസരങ്ങളിൽ വെള്ളം കയറി. ഏറെക്കുറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. അധികൃതർ ക്യാമ്പ് തുറക്കാൻ ശ്രമിച്ചെങ്കിലും ആരും പോകാൻ തയ്യാറായില്ല. മലിനജലം കെട്ടി നിൽക്കുന്ന പ്രദേശത്തെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സാമാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ വെള്ളക്കെട്ട് മൂലം നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. അഴിക്കോട് വാർഡ് 17ൽ താമസിക്കുന്ന പൂവ്വത്തു പറമ്പിൽ അബൂബക്കറിന്റെ വീടിന് മുകളിൽ തെങ്ങ് വീണു. ഓട് മേഞ്ഞ മേൽക്കൂര തകർന്നു.