തൃശൂർ: ശക്തമായ മഴയിൽ ദുരിതക്കയത്തിൽ നാട്. കാലവർഷം തുടങ്ങുംമുൻപേ നാടും നഗരവും വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ട് രൂക്ഷമായ പെരിഞ്ഞനത്ത് രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിരവധി വീടുകളിൽ ഇവിടെ വെള്ളം കയറി. പെരിഞ്ഞനം ഗവ. യു.പി സ്‌കൂൾ, കാതിക്കോട് നഫീസ മെമ്മോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്ന് 32 പേരെ മാറ്റിപ്പാർപ്പിച്ചത്.
ദേശീയപാതയുടെ മൂന്നുപീടിക ബൈപാസ് കടന്നുപോകുന്ന പ്രദേശത്തുള്ളവരാണ് കൂടുതൽ കുടുംബങ്ങളും. കമ്യൂണിറ്റി ഹാൾ പരിസരം, പള്ളിയിൽ അമ്പലം പടിഞ്ഞാറ് ഭാഗം, കൊറ്റംകുളം പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ബുധനാഴ്ച രാത്രിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. റവന്യു വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
ശുചീകരണത്തിനിടെ വെള്ളക്കെട്ടും
തൃശൂർ നഗരത്തിൽ മഴക്കാല പൂർവശുചീകരണം തകൃതിയായി നടക്കുമ്പോഴും പ്രദേശവാസികൾ ദുരിതക്കയത്തിൽ. ഇന്നലെയും അശ്വനി ആശുപത്രിയിൽ അടക്കം വെള്ളം കയറി. ഇക്കണ്ടവാരിയർ റോഡ്, അക്വാറ്റിക് ലൈൻ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കാനകൾക്ക് മുകളിലെ സ്‌ളാബ് പൊളിച്ച് മാലിന്യം നീക്കിയിട്ടും രാത്രിയാകുമ്പോഴേക്കും വെള്ളം കയറുകയായിരുന്നു. അശ്വിനിയിലെ ഐ.സി.യു ഇന്നലെയും താത്കാലികമായി മുകളിലെ നിലയിലേക്ക് മാറ്റി. പ്രദേശത്ത് കാനയ്ക്കരികിലൂടെ പോകുന്ന ടണലുകൾ മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതായി അധികൃതർ പറഞ്ഞു. ഇത് പൊളിച്ച് വെള്ളം കോലോത്തുംപാടത്തേക്ക് ഒഴുക്കിവിടാനാണ് ആലോചിക്കുന്നത്.
കാരണമായത് നികത്തിയ തണ്ണീർത്തടങ്ങൾ: എം.എൽ.എ
നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണം തണ്ണീർത്തടങ്ങൾ നികത്തിയതാണെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. കോവിലകത്തുംപാടത്ത് അടക്കം നികത്തിയതിനാൽ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ട്. അതിനാൽ പലയിടത്ത് നിന്നായി ഒഴുകിയെത്തുന്ന വെള്ളം അശ്വിനി ജംഗ്ഷനിലാണ് എത്തുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് ക്യാമ്പുകൾ തഹസിൽദാറുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. മാറിത്താമസിക്കാൻ തയ്യാറായാൽ ഭക്ഷണവും മറ്റും ജില്ലാ ഭരണകൂടം എത്തിക്കും. ഒരു അത്ഭുതപ്രതിഭാസമെന്നോണം ചില പ്രദേശങ്ങളിൽ മാത്രം അതിശയിപ്പിക്കുന്ന വിധമാണ് മഴപെയ്യുന്നതെന്നും എം.എൽ.എ പറഞ്ഞു. വെള്ളം കയറിയ അശ്വിനി ആശുപത്രി, അക്വാറ്റിക് ലൈൻ എന്നിവിടങ്ങളിൽ എം.എൽ.എ സന്ദർശിച്ചു. കൗൺസിലർ വർഗീസ് കണ്ടംകുളത്തിയും ഉണ്ടായിരുന്നു. ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.