ചാലക്കുടി: കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിന് ഇടയാക്കിയ ചാലക്കുടിപ്പുഴയിലെ തടയണകളുടെ ഷട്ടറുകൾ തുറക്കാൻ നടപടി. പുഴയിലെ ജലനിരപ്പ് കുറച്ചശേഷം മഴയില്ലെങ്കിൽ തടയണ ഷട്ടറുകൾ ഇന്ന് തുറക്കും. ഈ വിഷയം ചർച്ച ചെയ്യാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പൊരിങ്ങൽക്കുത്ത് ഡാമിലെ വൈദ്യുതി ഉത്പ്പാദനം കുറയ്ക്കുകയും തുമ്പൂർമുഴിയിലെ ഡൈവേർഷൻ കനാലുകളിൽ കൂടി വെള്ളം ഒഴുക്കിവിട്ട് പുഴയിലെ ജലനിരപ്പ് കുറയ്ക്കാനാണ് ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 12 മുതൽ 2.30 വരെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം ഒഴുക്കിവിടുവാൻ ജില്ലാ കളക്ടർ കൃഷ്ണ തേജ ഉത്തരവിട്ടു. ഇതിന്റെ മുന്നോടിയായി രാവിലെ 9 മണിമുതൽ വൈദ്യുതി ഉത്പ്പാദനം നിർത്തും. ഫയർഫോഴ്‌സിന്റെ സഹായത്തോടയാകും ഷട്ടറുകൾ നീക്കുന്നത്. കനത്ത മഴ തുടർന്നാൽ ഈ സാദ്ധ്യത ഇല്ലാതാകുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. പരിയാരം പഞ്ചായത്തിലെ കൊമ്പൻപാറ, കൂടപ്പുഴയിലെ ആറാട്ടുകടവ്, മേലൂരിലെ തട്ടുപാറ എന്നീ തടയണകളിലാണ് ഇനിയും ഷട്ടറുകൾ നീക്കം ചെയ്യാത്തത്. വേനൽക്കാലത്തെ ആവശ്യത്തിന് ഇട്ടിരുന്ന ഷട്ടറുകൾ മഴക്കാലത്തിന് മുമ്പ് മാറ്റുകയാണ് പതിവ്. അപ്രതീക്ഷിതമായി പെയ്ത മഴ പതിവ് തെറ്റിച്ചു. പുഴയിൽ ഒന്നര അടിയോളം ഉയർന്ന ജലനിരപ്പിനാൽ അനുബന്ധ തോടുകളിലെ ഒഴുക്കും നിലച്ചു. കപ്പത്തോട്ടിൽ നിന്നും വെള്ളം കയറി പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് കോടശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷിനാശവും സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മായ ശിവദാസ്, എം.എസ്. സുനിത, തഹസിൽദാർ, കെ.എസ്.ഇ.ബി ജനറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി.എസ്.സിജിമോൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ പി.വി. വിൽസൺ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ പി.വി. സിനി, ലാലി ജോർജ്ജ്, ചാലക്കുടി ഫയർ ഓഫീസർ കെ. ഹർഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രതീക്ഷയിൽ കർഷകർ