loord

തൃശൂർ: തൃശൂർ ലൂർദ്ദ് സെന്റ് മേരീസ് യു.പി. സ്‌കൂൾ വിദ്യാർത്ഥികൾ ദിവസവും എന്തെങ്കിലും സേവനപ്രവർത്തനം ചെയ്യും. തെരുവിലെ വിശക്കുന്നവർക്ക് വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം നൽകലാകാം. ചേരിയിലോ അഗതിമന്ദിരത്തിലോ നടത്തുന്ന ശുചീകരണമാകാം. കഴിഞ്ഞദിവസം അവർ ശക്തൻ സ്റ്റാൻഡിലെയും റെയിൽവെ സ്റ്റേഷൻ റോഡിലെയും വിശക്കുന്നവർക്ക് സ്വന്തം വീട്ടിൽ നിന്നെത്തിച്ച ഭക്ഷണപ്പൊതി നൽകി.
അദ്ധ്യാപകരായ എൻ.കെ.സുമേഷ്, നിമ്മി എന്നിവർ നേതൃത്വം നൽകി. എല്ലാ ബുധനാഴ്ചകളിലും വീടുകളിൽ നിന്ന് ഏതെങ്കിലുമൊരു പച്ചക്കറി കൊണ്ടുവന്ന് സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ വീടുകളിൽ അവരറിയാതെ അവയുടെ വിഹിതമെത്തിക്കും. കഴിഞ്ഞദിവസം മുളയം എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ സോപ്പ് ഉൾപ്പെടെയുള്ളവ നൽകി. അദ്ധ്യാപകരെയും മുതിർന്നവരെയും ആദരിക്കുക, പ്‌ളാസ്റ്റിക് നിർമ്മാർജ്ജനം തുടങ്ങി 27 സേവനങ്ങളുണ്ട് പട്ടികയിൽ.

മദർ തെരേസ അവാർഡ്

ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റ് വിദ്യാർത്ഥികളിൽ സേവനശീലം വളർത്താൻ കഴിഞ്ഞ അദ്ധ്യയനവർഷം മുതൽ സംസ്ഥാനതലത്തിൽ മദർ തെരേസ സേവന അവാർഡ് നൽകുന്നു. ഹൈസ്‌കൂൾ, യു.പി തലത്തിൽ കൂടുതൽ സമയം സേവനം ചെയ്യുന്നവർക്ക് ഒരു ലക്ഷം വീതവും ഫലകവും നൽകും. ഇരുവിഭാഗത്തിലെയും തെരഞ്ഞെടുത്ത 10 കുട്ടികൾക്ക് 5,000 രൂപ വീതം നൽകും. കൂടുതൽ മണിക്കൂർ സേവനം നടത്തിയ സ്‌കൂളിന് 50,000, കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിന് 10,000 രൂപയും നൽകും. അദ്ധ്യാപകരെയും ആദരിക്കും. കഴിഞ്ഞ വർഷത്തെ അവാർഡ് വിതരണം ജൂൺ 13ന് എറണാകുളം സെന്റ് തെരേസാസിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കും.

1500 മണിക്കൂർ വരെ സേവനം നടത്തിയവരുണ്ട്. യോഗ്യത നേടാൻ ഒരു വിദ്യാർത്ഥി 20 മണിക്കൂറെങ്കിലും സേവനം നടത്തണം.


രാജൻ തോമസ്
ചെയർമാൻ, ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റ്


സ്‌കൂളിലെ അഞ്ചു മുതൽ ഏഴു വരെയുള്ള 60 കുട്ടികൾ സേവനത്തിന് സ്വയം സന്നദ്ധരായത് സന്തോഷകരമാണ്.


കെ.ആർ.ഷീജ
പ്രധാനദ്ധ്യാപിക.