bag

തൃശൂർ: സ്കൂൾ അവധി ആലസ്യത്തിൽ നിന്ന് നാടും നഗരവും വിപണിയുമെല്ലാം പ്രവേശനോത്സവ മൂഡിലേക്ക്. പുതിയ അദ്ധ്യയനവർഷത്തിന് തുടക്കം കുറിക്കാൻ സ്കൂളും നാടും ഒരുങ്ങിക്കഴിഞ്ഞു. പുത്തൻ ട്രെൻഡിലുള്ള ബാഗ്, കുട, വാട്ടർബോട്ടിൽ, നോട്ടുപുസ്തകം തുടങ്ങി കുട്ടികൾക്ക് ആവശ്യമായതെല്ലാം വിപണിയിലെത്തിക്കഴിഞ്ഞു. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബാഗുകൾക്കാണ് ഡിമാൻഡ്. 500 രൂപ മുതൽ 3,000 രൂപ വരെയാണ് വില. ബാർബിയും ഡോറയും മിക്കിമൗസുമെല്ലാം കുടകളിൽ നിറഞ്ഞിട്ടുണ്ട്. ബാഗ്, കുട, നോട്ടുപുസ്തകം, വാട്ടർബോട്ടിൽ, പെൻസിൽ, ബോക്‌സ്, പൗച്ച്, കളർ പെൻസിലുകൾ, നെയിം സ്ലിപുകൾ തുടങ്ങി ആവശ്യമായ എല്ലാ ഇനങ്ങളുടെയും വലിയ ശേഖരമാണ് കടകളിൽ. യൂണിഫോമും മറ്റും സ്‌കൂളുകളിൽ നിന്ന് തന്നെയാണ് നൽകുന്നത്.
സഹകരണ സംഘങ്ങളുടെയും മറ്റും നേതൃത്വത്തിൽ നഗരത്തിലും നാട്ടിൻപുറങ്ങളിലും സ്‌കൂൾ ചന്തയുണ്ട്. കുറഞ്ഞ നിരക്കിലാണ് വിൽപ്പന. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നു. നഗരത്തിൽ തൃശൂർ ജില്ല പൊലീസ് സഹകരണ സംഘവും സ്‌കൂൾ വിപണി ആരംഭിച്ചു.


കളിക്കളങ്ങളോട് വിട

സ്‌കൂൾ തുറക്കുന്നതിന് ആഴ്ച്ചകൾക്ക് മുമ്പേ മഴയെത്തിയതോടെ മദ്ധ്യവേനലവധി കാലത്തെ കളിസ്ഥലങ്ങളായ പാടങ്ങളും തെങ്ങിൻ തോപ്പുമെല്ലാം വെള്ളം നിറഞ്ഞു. ഇതോടെ ഭൂരിഭാഗം പേരും മൊബൈൽ ഗെയിമിലേക്ക് തിരിഞ്ഞു. എന്നാൽ നാട്ടിൻ പുറങ്ങളിൽ ചെളി വെള്ളത്തിലും മറ്റും കുട്ടികൾ കളിക്കുന്നതും കാണാം.

സ്‌കൂളുകൾ ഒരുങ്ങി

പുതിയ അദ്ധ്യയന വർഷത്തിന് സ്‌കൂളുകൾ ഒരുങ്ങി. ആഴ്ച്ചകൾക്ക് മുമ്പേ സ്‌കൂൾ അധികൃതരുടെയും പി.ടി.എകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെയും സഹകരണത്തോടെ പരിസര ശുചീകരണം പൂർത്തിയാക്കി. മഴ പെയ്തത് ചില സ്ഥലങ്ങളിലെ പ്രവർത്തനത്തിന് തടസം നേരിട്ടെങ്കിലും ഇന്നും നാളെയുമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് ടെസ്റ്റും പൂർത്തിയായി.

മഴ നേരത്തേ, സജീവമായി കുട വിപണി

നേരത്തെ മഴ വന്നതോടെ കുട വിപണിയും സജീവം. ചെറിയ ക്ലാസിലെ കുട്ടികളാണ് കാർട്ടൂൺ കഥാപാത്രങ്ങളുള്ള കുടകളുടെ ആവശ്യക്കാർ. മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് ത്രീഫോൾഡാണ് ഇഷ്ടം. പല തരങ്ങളിലുള്ള വാട്ടർ ബോട്ടിലും വിപണിയിലുണ്ട്. നോർമൽ, കോളേജ്, എ ഫോർ എന്നിങ്ങനെ മൂന്നുതരത്തിലാണ് നോട്ടുപുസ്തകം ലഭ്യമായിട്ടുള്ളത്. 160 മുതൽ 192 വരെ പേജുള്ള ഇവയ്ക്ക് 20 രൂപ മുതലാണ് വില.

സ്കൂൾ തരംഗത്തിൽ വിപണി

പ്ലെയിൻ ത്രീഫോൾഡ് കുട 300 രൂപ മുതൽ

പ്രിന്റഡ് ഡിസൈനിലുള്ളവയ്ക്ക് 420 രൂപ മുതൽ

കാലൻകുടകൾ 700 രൂപ മുതൽ

നോട്ടുപുസ്തകങ്ങൾ 20 മുതൽ

ബാഗുകൾ 500-3000 വരെ