തൃശൂർ : പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ 19 എ ബാച്ചിലെ 291 വനിത പൊലീസ് സേനാംഗങ്ങളുടെയും, കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 2023 ഒന്നാം ബാച്ച് 158 പുരുഷ പൊലീസ് സേനാംഗങ്ങളുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ വൈകീട്ട് മൂന്നിന് പൊലീസ് അക്കാഡമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിക്കും. പൊലീസ് മേധാവി ഡോ.ഷെയ്ക് ദർവേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയൻ എം.ആർ.അജിത് കുമാർ, എ.ഡി.ജി.പി ആൻഡ് ഡയറക്ടർ പൊലീസ് അക്കാഡമി പി.വിജയൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, നകുൽ രാജേന്ദ്രദേശ് മുഖ്, ബോബി കുര്യൻ എന്നിവരും പങ്കെടുക്കും. 2023 ആഗസ്റ്റിലാണ് ആംഡ് വനിത പൊലീസ് ബറ്റാലിയൻ 19 എ ബാച്ച് വനിത പൊലീസ് സേനാംഗങ്ങളുടെ പരിശീലനം ആരംഭിച്ചത്.
വനിത പൊലീസ് ബറ്റാലിയൻ ജില്ല തിരിച്ച്
തിരുവനന്തപുരം 79
കൊല്ലം 44
പത്തനംതിട്ട 4
ആലപ്പുഴ 14
കോട്ടയം 10
ഇടുക്കി 6
എറണാകുളം 15
തൃശൂർ 15
പാലക്കാട് 20
മലപ്പുറം 12
കോഴിക്കോട് 30
കണ്ണൂർ 27
വയനാട് 8
കാസർകോട് 7.