കൊടുങ്ങല്ലൂർ : തീരദേശത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പരിശോധിക്കാനുള്ള ഫുഡ് സേഫ്റ്റി ഓഫീസർക്ക് തിരക്കോട് തിരക്ക്. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഉൾപ്പെടെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കച്ചവട സ്ഥാപങ്ങളാണ് ഇവർ പരിശോധിക്കേണ്ടത്. അതിനാൽ ഓഫീസർക്ക് മുഴുവൻ സമയവും തിരക്കാണ്.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസറാണെങ്കിലും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന്റെ അധിക ചാർജും കൂടി ഇവർക്ക് വന്നതോടെ മുഴുവൻ സ്ഥലങ്ങളിലും പരിശോധനയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊടുങ്ങല്ലൂരിലുള്ള ഫുഡ് സേഫ്റ്റി ഓഫീസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഏഴുമാസം പിന്നിട്ടു. തൽസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഓഫീസർ രണ്ട് വർഷത്തേക്ക് ദീർഘകാല അവധിയിലാണ്.
ഇതേത്തുടർന്നാണ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന്റെ അധിക ജോലി കയ്പമംഗലം മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസർക്ക് ഏറ്റെടുക്കേണ്ടി വന്നത്. കൊടുങ്ങല്ലൂർ മുനിസിപ്പൽ പ്രദേശം, വെള്ളാങ്ങല്ലൂർ, പുത്തൻചിറ, പൊയ്യ, കുഴൂർ, അന്നമനട, മാള എന്നിവിടങ്ങളിലും കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളും പ്രവർത്തനപരിധിയിൽ പെടും.
ആരോഗ്യ മന്ത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലുള്ള ആരോഗ്യ വകുപ്പുമായി ഭക്ഷ്യ സുരക്ഷ ഗുണ നിലവാര നിയമവകുപ്പിന് ബന്ധമില്ല. 14 തദ്ദേശ സ്ഥാപന പരിധിയിൽ പോകാനും അന്വേഷണം നടത്താനും ഫുഡ് സേഫ്റ്റി ഓഫീസർ പാടുപെടുകയാണ്. നിയമംലംഘനം കണ്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം എടുക്കാം.

പരിശോധിക്കേണ്ടത് ഇവ

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുണ്ടോ ?.
വൃത്തിയുള്ള സാഹചര്യത്തിലാണോ ഉണ്ടാക്കുന്നത്?.
വൃത്തിഹീന അന്തരീക്ഷത്തിലാണോ സൂക്ഷിക്കുന്നത്?
ഭക്ഷണം പാകം ചെയ്യുന്നവർ ഗ്ലൗസും ഹെഡ് വെയറും ധരിക്കുന്നണ്ടോ?
ജീവനക്കാർക്ക് മെഡിക്കൽ ഫ്റ്റിനസ് ഉണ്ടോ?