കൊടകര: മുപ്പത്തിരണ്ടു വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ സ്‌കൂളിനെ പച്ചത്തുരുത്താക്കി ആലത്തൂർ എയ്ഡഡ് എൽ.പി സ്‌കൂളിലെ പ്രധാനദ്ധ്യാപകൻ സന്തോഷ് ബാബു പടിയിറങ്ങി. വനം വകുപ്പുമായി സഹകരിച്ച് വിദ്യാവനം എന്ന പേരിൽ 320 കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ച് സ്‌കൂൾ വളപ്പിന്റെ പകുതിയിലേറെ വനമാക്കി മാറ്റിയാണ് വട്ടേക്കാട് ഞാറെക്കാട്ടിൽ സന്തോഷ് ബാബുവിന്റെ പടിയിറക്കം.
മരങ്ങളാൽ തിങ്ങി നിറഞ്ഞ ഈ കാമ്പസ് സന്ദർശിക്കാൻ സംസ്ഥാനത്തിന്റെ പലയിടത്ത് നിന്നും ഒട്ടേറെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്താറുണ്ട്. ഇവർക്കായ് മരങ്ങളെക്കുറിച്ച് പഠിക്കാൻ ക്യൂആർ കോഡും ഓരോ മരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കും മനഃശാസ്ത്ര തത്വ പരിശീലന ക്ലാസും നൽകുന്നുണ്ട്. യുനെസ്‌കോ നിർദേശിച്ച 'ജീവിതനൈപുണികൾ' കേരളത്തിൽ ആദ്യമായി പരിശീലിപ്പിച്ചത് സന്തോഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള ആലത്തൂരിലാണ്. ഈ വർഷം എസ്.സി.ആർ.ടി തെരഞ്ഞെടുത്ത കേരളത്തിലെ ഏറ്റവും നല്ല 11 പദ്ധതികളിൽ ഈ ലൈഫ് സ്‌കിൽ കൂടി ഉൾപ്പെടുത്തിയതോടെ ആലത്തൂരിലെ എൽ.പി സ്‌കൂൾ മികവിന്റെ കേന്ദ്രമായി.
വിരാമമില്ലാതെ പ്രയത്നം
പ്രളയകാലത്ത് കുട്ടികൾക്ക് ഭയവും പരിഭ്രമവും ഇല്ലാതാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം ആറ് പഞ്ചായത്തിൽ പരിശീലനം നൽകി.
ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിലെ സജീവ അംഗം
കേരള പൊലീസ് അക്കാഡമിയുടെ ഫാക്കൽറ്റി അംഗമായ സന്തോഷ്ബാബു പൊലീസ്, വനം, റവന്യൂ വകുപ്പുകളിൽ പരിശീലനം നൽകി.
എസ്.പി.സിയിലെ കുട്ടികൾക്ക് പരിശീലനം നടത്തി.
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിലുള്ള എം.ആർ.എസ് വിദ്യാലയത്തിലെ കുട്ടികൾക്കായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു.
അവധിക്കാല പരിശീലന ക്യാമ്പിന്റെ ഡയറക്ടറായി
മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നടത്തുന്നു.