അന്തിക്കാട്: മഴക്കാലപൂർവ ശുചീകരണം കടലാസിൽ മാത്രമായി ഒതുങ്ങിയതോടെ പെരിങ്ങോട്ടുകര, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട്. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലെ മാത്രമല്ല, ഗ്രാമീണ റോഡുകളിലെ കാനകളിൽ നിന്നും മണ്ണും മാലിന്യവും ഇത്തവണ പഞ്ചായത്തധികൃതർ നീക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം തൃപ്രയാർ കിഴക്കേനട, പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്റർ, സോമശേഖര നഗർ, പെരിങ്ങോട്ടുകര ക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ വലിയതോതിൽ വെള്ളമുയർന്നു.
തണ്ണീർത്തടങ്ങൾ നികത്തിയതും വെള്ളമൊഴുകുന്ന ചാലുകൾ കൈയേറി ഓവുകൾ വച്ചതും വെള്ളക്കെട്ട് രൂക്ഷമാക്കി. മാത്തുതോട് കൈയേറ്റം മൂലം മെലിഞ്ഞതും ഇതിലേക്ക് ഒഴുകിയിരുന്ന കൈത്തോടുകൾ പലതും ഇല്ലാതായതും സ്ഥിതി വഷളാക്കി.
അന്തിക്കാട് പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലെ ഉൾവഴികളിലും സെന്ററിലും കാനകൾ വൃത്തിയാക്കാത്തത് മൂലം ഒരു രാത്രി പെയ്ത മഴയ്ക്ക് വെള്ളക്കെട്ട് രൂക്ഷമായി. അന്തിക്കാട് കല്ലിടവഴിയിലെ മഴക്കാലത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. പുത്തൻപീടിക സെന്ററിലെ കാനകളിൽ പുല്ലുകൾ വളർന്ന് നിൽക്കുന്നത് കൊണ്ട് മഴ പെയ്താൽ വെള്ളം റോഡിൽ കൂടിയാണ് ഒഴുകി പോകുന്നത്.
വെള്ളക്കെട്ടൊഴിവാക്കാനുള്ള മുൻകരുതൽ നടപടികളിൽ ഗുരുതരവീഴ്ച വരുത്തി. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്തിയില്ല.
-ആന്റോ തൊറയൻ (താന്ന്യം പഞ്ചായത്ത് അംഗം)
-എം.കെ. ചന്ദ്രൻ (കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്)