ചാലക്കുടി: കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായ ചാലക്കുടിപ്പുഴയിലെ തടയണകളുടെ ഷട്ടറുകൾ ഉയർത്തുന്ന നടപടി ജലസേചന ഉദ്യോഗസ്ഥൻ എത്താത്തതിനെത്തുടർന്ന് മുടങ്ങി.കാലാവസ്ഥ അനുകൂലമായെങ്കിലും ജലസേചന വകുപ്പ് ഉദ്യോസ്ഥൻ സ്ഥലത്തില്ലാത്തത് കർഷകരുടെ പ്രതീക്ഷ മങ്ങി. ഇടതുകര-വലതുകര കനാലുകളിലേയ്ക്ക് വെള്ളം തുറന്നു വിട്ട് പുഴയിലെ ജലവിതാനം താഴ്ത്താനാണ് എം.എൽ.എ നടത്തിയ ജനപ്രതിനിധി ഉദ്യോഗസ്ഥ യോഗത്തിൽ നിർദ്ദേശമുണ്ടായത്. ഇതിന്റെ മുന്നോടിയായി പൊരിങ്ങൽക്കുത്ത് ഡാമിൽ രാവിലെ വൈദ്യുതി ഉത്പ്പാദനം നിർത്തി വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തവിട്ടെന്ന് എം.എൽ.എ അറിയിച്ചിരുന്നു. വെള്ളം കുറയുന്ന മുറയ്ക്ക് ഇന്നലെ ഉച്ചതിരിഞ്ഞ് പരിയാരം,കൂടപ്പുഴ, കുന്നപ്പിള്ളി എന്നിവിടങ്ങളിലെ തടയണ ഷട്ടറുകൾ നീക്കുമെന്നായിരുന്നു പ്രഖ്യാപനം. മഴ മാറിനിൽക്കുകയും മണിക്കൂറുകളോളം വെയിലുണ്ടാവുകയും ചെയ്ത അനുകൂല കാലാവസ്ഥയിൽ പുഴയിൽ സ്വാഭാവിക നിലയ്ക്കുള്ള വെള്ളക്കുറഞ്ഞു. ഏകദേശം ഒരടിയോളം വെള്ളം താഴ്ന്നാൽ ഷട്ടറുകൾ മാറ്റാമെന്നാണ് നിഗമനം. എന്നാൽ ഉദ്യോഗസ്ഥൻ എത്താതിരുന്നത് പദ്ധതികൾ താളംതെറ്റിച്ചു. ബദൽ സംവിധാനം ഒരുക്കുന്നതിലും അധികൃതർ പരാജയപ്പെട്ടു. ഇന്ന് വീണ്ടും ഷട്ടർ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എം.എൽ.എയും പഞ്ചായത്ത് അധികൃതരും. ഷട്ടറുകൾ മാറ്റുമെന്ന ധാരണയിൽ ഉച്ചയോടെ ജനപ്രതിനികൾ അടക്കം നിരവധപേർ പരിയാരം സി.എസ്.ആർ കടവിൽ എത്തിയിരുന്നു. നിലവിലെ അവസ്ഥ കർഷകരെ ബോധ്യപ്പെടുത്താനും അധികൃതർ തയ്യാറായില്ല. പുഴയിലെ അധികജലം ഒഴിവാക്കി തങ്ങൾക്ക് ലക്ഷങ്ങൾ നഷ്ടം വരുന്ന കൃഷിയിടത്തിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാത്തിരിക്കുകയാണ് കപ്പത്തോടിനെ ആശ്രയിക്കുന്ന കുറ്റിക്കാട് മേഖലയിലെ കർഷകർ പ്രതീക്ഷ.
പ്രതീക്ഷ മങ്ങി
ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ചാലക്കുടിപ്പുഴയിലെ കൊമ്പൻപാറ തടയണയുടെ ഷട്ടർ മാറ്റാത്തതിനെത്തുടർന്ന് പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിലായത്.അറുപതോളം കർഷകരുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിളകളിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. പരിയാരം പ്രദേശത്ത് മാത്രം നാല് അടിയോളം ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ പുഴ വന്നുചേരുന്ന കപ്പത്തോടിന്റെ ഒഴുക്കും നിലച്ചു. ശക്തമായ മഴയിൽ കപ്പത്തോടിലൂടെ വരുന്നതും കൈവഴിത്തോടുകളിൽ വരുന്നതുമായ വെള്ളം ഇതോടെ ഗതിമാറി ഒഴുകി കൃഷിയിടങ്ങളിലെത്തി. പുഴയിലെ ജലനിരപ്പ് താഴാതെ തടണയിലെ ഷട്ടർ മാറ്റാനാകില്ലായിരുന്നു. ഇനി ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ പരിയാരം തടയണയുടെ ഷട്ടർ സംവിധാനം ആധുനിക രീതിയിലാക്കണമെന്നും പ്രവർത്തനം കോടശ്ശേരി-പരിയാരം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയെ ഏൽപ്പിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം