kappukad-road

കാട്ടാക്കട: കോട്ടൂർ - കാപ്പുകാട് റോഡ് നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. റോഡ് നിർമ്മാണത്തിലെ വീഴ്ചയും ഓട നിർമ്മിക്കാതെയുള്ള റോഡ് നിർമ്മാണത്തിനുമെതിരെ വ്യാപക പരാതിയാണുയരുന്നത്. കോട്ടൂർ നിന്നും കാപ്പുകാട് പ്രദേശത്തേക്കുള്ള നാട്ടുകാരുടെ യാത്ര അതീവ ദുഷ്കരമായിട്ട് നാളേറെയാവുന്നു. രണ്ട് മാസം മുമ്പ് നിർമ്മാണം തുടങ്ങിയ റോഡിന്റെ പണികളാണ് ഒച്ചിഴയും വിധത്തിൽ നടക്കുന്നത്. റോഡിന്റെ മെറ്റലിംഗ് പൂർത്തിയായപ്പോഴേക്കും റോഡിൽ വഴിമുടക്കിയായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഓട നിർമ്മിക്കുന്നതിനും നടപടിയുണ്ടായില്ല. കാപ്പുകാട് മുസ്ലീം പള്ളിക്ക് ഇരുവശവും ഓടനിർമ്മാണം നടത്താതെ പലതവണ ടാറിംഗ് നടത്തിയെങ്കിലും ഈ പ്രദേശത്തെ റോഡ് തകർന്നിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ പ്രദേശത്ത് വീണ്ടും ഓട നിർമ്മാണം നടത്താൻ നടപടിയില്ലാത്തത് പ്രദേശവാസികളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിനിരുവശങ്ങളിലുമുള്ള മൺതിട്ടകളും അപകടഭീഷണി ഉയർത്തുന്നുണ്ട്. രണ്ട് വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാൻ തക്ക വീതിയിൽ ആധുനിക നിലവാരത്തിലാണ്റോഡ് നിർമ്മാണം പുരോഗമിക്കുന്നത്. എന്നാൽ റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിക്കാതിരുന്നാൽ റോഡ് തകർന്നുപോകുമെന്ന് നാട്ടുകാർ പറയുന്നു.

 യാതൊരു നടപടിയുമുണ്ടായില്ല

മഴക്കാലത്തെ വെള്ളക്കെട്ടും ചെളിയും കാരണം യാത്ര ദുരിതപൂർണമാകുന്ന കാവടിമൂല, കാപ്പുകാട് പ്രദേശങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി യാതൊരു മുൻകരുതലും ഇതുവരെ നടത്തിയിട്ടില്ല. വെള്ളം കെട്ടുന്നിടത്ത് നിന്നു വെള്ളം ഒഴുകിപോകുന്നതിനായി ഒരു സംവിധാനവും നിലവിലില്ല. റോഡ് വീതികൂട്ടിയപ്പോൾ റോഡിലായ ഇലക്ട്രിക് പോസ്റ്റുകൾ തിട്ടയിൽ തന്നെ നിൽക്കുകയാണ്. അഗസ്ത്യവനമേഖലയിലെ നിരവധി ഊരുകളിൽ നിന്നും ആദിവാസികൾ പുറം നാട്ടിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ്, കാപ്പുകാട് അന്താരാഷ്ട്ര ആനപരിപാലന കേന്ദ്ര വികസനവുമായി ബന്ധപ്പെട്ടാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്.

പ്രദേശവാസികൾ ഒറ്റപ്പെട്ട നിലയിൽ

റോഡിന്റെ നിലവിലെ സ്ഥിതി കാരണം അഗസ്ത്യ വനത്തിലെ ആമല സെറ്റിൽമെന്റിലെ വിദ്യാർത്ഥികളും ആദിവാസികളും കാപ്പുകാട് നിവാസികളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടുത്തുകാർക്ക് പുറംനാട്ടിലെത്താൻ വളരെയേറെ പ്രയാസമാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം കാപ്പുകാട് കെ.എസ്.ആർ.ടി.സിയുടെ ബസ് സർവീസുകളും നിറുത്തി. സർവീസുകൾ വ്ളാവെട്ടിയിലേക്കാണ് പോകുന്നത്.