തിരുവനന്തപുരം: വികസനത്തിനായി മരങ്ങൾ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാർ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന പാതകൾക്കിരുവശവുമുള്ള മിക്ക മരങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. റോഡ് വികസനത്തിനും മറ്റ് നിർമ്മാണങ്ങൾക്കുമായി മുറിച്ച മരങ്ങൾക്ക് പകരം തൈകൾ വെച്ചുപിടിപ്പിച്ചെങ്കിലും പലതും കരിഞ്ഞുണങ്ങി. പരിപാലനക്കുറവും റോഡുകളിലെ നിർമ്മാണം തുടരുന്നതുമാണ് മിക്കയിടത്തും തിരിച്ചടിയായത്.
നിർമ്മാണം നടക്കുന്ന എൻ.എച്ച് 66ലും ഇതാണവസ്ഥ. കോവളം - കഴക്കൂട്ടം ബൈപ്പാസിന്റെ മീഡിയനിൽ പലയിടത്തും വൃക്ഷത്തൈ നട്ടെങ്കിലും പരിപാലനമില്ലാതെ മിക്കവയും നശിച്ചു. അല്ലാത്തവ ഒറ്റപ്പെട്ട നിലയിൽ അവിടവിടെയുണ്ട്. 2017ൽ കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഹരിത കേരള മിഷൻ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. നഗരസഭയടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കായിരുന്നു പരിപാലന ചുമതല.
ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള പദ്ധതികളിലുൾപ്പെടുത്തി ഇവ സംരക്ഷിച്ചെങ്കിലും ക്രമേണ അതില്ലാതായി. പിന്നാലെ ഹരിത കേരള മിഷന്റെ പ്രവർത്തനം പച്ചത്തുരുത്ത് പദ്ധതിയിലേക്കു മാറിയതോടെ വൃക്ഷ പരിപാലനം ഇല്ലാതായി.
ബൈപ്പാസ് മീഡിയനിൽ വൃക്ഷത്തൈകളെത്തും
ദേശീയ, സംസ്ഥാന പാതകളിലും കഴക്കൂട്ടം - കോവളം ബൈപ്പാസിലെ മീഡിയനുകളിലും വൃക്ഷത്തൈ വയ്‌ക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടിയിട്ടുണ്ടെന്ന് ഹരിത കേരള മിഷൻ അസിസ്റ്റൻഡ് കോ-ഓർഡിനേറ്റർ എസ്.യു. സഞ്ജീവ് പറഞ്ഞു. ദേശീയ പാതയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതിനു മുറയ്‌ക്ക് ജൂൺ അഞ്ചിന് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.