നെടുനീളൻ സംഭാഷണങ്ങളും അതിഭാവുകത്വവും നിറഞ്ഞ നാടകവേദിയിൽ കലാനിലയം കൃഷ്ണൻ നായർ ഇടിച്ചു കയറ്റിയത് ഒരു കൂറ്റൻ വിമാനമാണ്. വിഎഫ്എക്സും സൗണ്ട് മിക്സിംഗും അപരിചിതമായിരുന്ന കാലത്ത് വിമാനം റൺവേയിൽ ഇറങ്ങുന്ന ശബ്ദം കേട്ട് കാണികൾ അത്ഭുതപ്പെട്ടു. 'കുട്ടികളെ ഇതു കാണിക്കരുത്..." എന്ന വിളംബരവാചകത്തോടെ എത്തിയ 'രക്തരക്ഷസ്" എന്ന നാടകം കണ്ട് മുതിർന്നവരടക്കം ഭയന്നുവിറച്ചു. തുമ്പിക്കൈ ഉയർത്തിയ ജീവനുള്ള ആനയെ വേദിയിൽ പ്രത്യക്ഷപ്പെടുത്തി. കാറ്റും മിന്നലും മഴയും അരങ്ങിൽ അനുഭവവേദ്യമാക്കിയ, നാടകപ്രസ്ഥാനത്തിന്റെ വിപ്ലവമായിരുന്നു തനിനിറം പത്രത്തിന്റെ സ്ഥാപകനും നാടക സംവിധായകനും നിർമ്മാതാവുമായ കലാനിലയം കൃഷ്ണൻ നായർ തുടങ്ങിവച്ചത്. അദ്ദേഹം ഓർമ്മയായിട്ട് 44 വർഷം തികയുന്ന വേളയിൽ ചെറുമകളും ഗായികയുമായ ബിന്ദു രവി ഒരുക്കിയത് ഒരു സംഗീതാർച്ചനയാണ്!
തെളിച്ചത് 'തനി"വഴി...
അപ്രതീക്ഷിതമായ ശബ്ദങ്ങളുടെയും കാഴ്ചകളുടെയും വേലിയേറ്റമായിരുന്നു കൃഷ്ണൻ നായരുടെ നാടകങ്ങൾ. ഡ്രാമാസ്കോപ്പ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമായിരുന്നു. പ്രേക്ഷകർ നാടകത്തിൽ നിന്ന് അല്പം വ്യതിചലിച്ചാൽ നാടകം പരാജയപ്പെടും എന്ന കാഴ്ചപ്പാടിലൂന്നി, അടുത്തനിമിഷം എന്തും സംഭവിക്കാമെന്ന തരത്തിലാണ് സംവിധാനം നിർവഹിച്ചത്. 1963ൽ പുത്തരിക്കണ്ടം മൈതാനത്ത് കലാനിലയം ഡ്രാമാവിഷന് തുടക്കമായി. മന്നത്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്ത ആ വേദിയിൽ കുരുക്ഷേത്രം എന്ന സംഗീതനാടകമായിരുന്നു ആദ്യം അവതരിപ്പിച്ചത്. ദൂരദേശങ്ങളിൽ നിന്നുപോലും കാഴ്ചക്കാരെത്തി. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ.... അങ്ങനെ നീളുന്നു, ആസ്വാദകരെ ത്രസിപ്പിച്ച നാടകങ്ങൾ.
ചെറുമകളുടെ സംഗീതവഴി
കൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മൂത്തമകൾ കലാവതിയുടെ മകളാണ് ബിന്ദു രവി. മുത്തച്ഛന്റെ കൈപിടിച്ച് നാടകവേദികളിൽ പോയത് ബിന്ദു ഇപ്പോഴും ഓർക്കുന്നുണ്ട്. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തുക. എങ്കിലും, ചെറുപ്പം മുതൽ അഭിനയത്തേക്കാൾ പ്രിയം സംഗീതത്തോടാണ്. ആലാപനത്തിനു പുറമേ, 11 ആൽബങ്ങളിൽ പാട്ട് എഴുതിയിട്ടുമുണ്ട്. സെൻസർ ബോർഡ് മുൻ അംഗവും സംഗീത അക്കാഡമി ബോർഡ് മെമ്പറും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ബോർഡ് മെമ്പറുമായിരുന്നു. മിലി എന്ന സംഗീത കൂട്ടായ്മയ്ക്കും ചുക്കാൻ പിടിക്കുന്നുണ്ട്. ഉഷാ ഉതുപ്പ്, കീരവാണി, മധു ബാലകൃഷ്ണൻ, ഹരിഹരൻ തുടങ്ങിയവരുടെ പ്രശംസ നേടിയിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി മുടവൻമുകൾ രവിയാണ് ഭർത്താവ്. മകൾ ഐശ്വര്യ ലക്ഷ്മി സിവിൽ എൻജിനിയർ. മരുതൻകുഴിയിലാണ് താമസം.
താലപ്പൊലിയിലെ വൃശ്ചികക്കാറ്റ്
1977ലാണ് കൃഷ്ണൻ നായരും, ഭാര്യയും നടിയുമായ കെ.ജി. ദേവകിയമ്മയും ചേർന്ന് കലാനിലയം ഫിലിംസിന്റെ ബാനറിൽ താലപ്പൊലി എന്ന ചിത്രം നിർമ്മിക്കുന്നത്. എം. കൃഷ്ണൻ നായർ ആയിരുന്നു സംവിധാനം. ദക്ഷിണാമൂർത്തി ഈണം നൽകി യേശുദാസ് പാടിയ 'വൃശ്ചികക്കാറ്റേ, വികൃതിക്കാറ്റേ.... വഴിമാറി വീശല്ലേ..." എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ഈ ഗാനമാണ് 'ബിൻഡ്സ് ചാനൽ" എന്ന യുട്യൂബ് ചാനലിൽ പാടി ബിന്ദു രവി മുത്തച്ഛന് സ്മരണാഞ്ജലി അർപ്പിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ച നടി പ്രമീള ഉൾപ്പെടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
മധുരമേകിയ സൗഹൃദം
ബിന്ദു പാടിയ ഗാനം കൃഷ്ണൻ നായരുമൊത്തുള്ള ഓർമ്മകളെ തൊട്ടുണർത്തി എന്നാണ് നടൻ മധു പറയുന്നത്. ഒരു വിമാനാപകടത്തിൽ നിന്ന് കൃഷ്ണൻ നായരുടെ ജീവൻ രക്ഷിച്ചതിനെക്കുറിച്ച് ബിൻഡ്സ് ചാനലിലെ വീഡിയോയിൽ മധു ഓർത്തെടുക്കുന്നു. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴി. അടൂർ ഭാസി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. പാതിവഴിയിൽ ഫ്ലൈറ്റിന് ഒരു കുലുക്കം തോന്നി. ശബ്ദങ്ങളും പുകയും വരാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി.
എങ്ങനെയൊക്കെയോ പൈലറ്റ് വിമാനം ലാൻഡ് ചെയ്യിച്ചു. എന്നാൽ എത്രയും വേഗം വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ അപകടമാണ്. കൃഷ്ണൻ നായരുടെ ഒരു കാൽ കൃത്രിമക്കാൽ ആയിരുന്നു. വിമാനത്തിന്റെ കുലുക്കത്തിനിടയിൽ കൃത്രിമക്കാൽ തെറിച്ചുപോയി. പ്രാണഭയത്തിൽ ഓടുന്നതിനിടെ കൃഷ്ണൻ നായരെ ആരും ശ്രദ്ധിച്ചില്ല. അന്ന് അദ്ദേഹത്തെ തോളിലെടുത്ത് പുറത്തെത്തിച്ചത് മധു ആയിരുന്നു!