nufaisabeevi-anwar

വർക്കല: കിടപ്പുരോഗിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയും മകനും അറസ്റ്റിലായി. കൊല്ലം ഓയൂർ കൊക്കോട് റിയാസ് മൻസിലിൽ നുഫൈസ ബീവി (49),മകൻ അൻവർ (27) എന്നിവരെയാണ് വർക്കല പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

സുബൈദ ബീവിയുടെ (85) ചെറുന്നിയൂർ കാറാത്തല ഗ്രീൻലാൻഡ് ഹൗസിൽ ഏപ്രിൽ 24ന് രാത്രിയിലായിരുന്നു മോഷണം.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 11.5 പവൻ സ്വർണവും ഹാൻഡ് ബാഗിലുണ്ടായിരുന്ന 56,​000 രൂപയുമാണ് കവർന്നത്. മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ സമീപത്തുള്ള വീടുകളിലുണ്ടെങ്കിലും കുടുംബവീട്ടിൽ സുബൈദ ബീവി മാത്രമായിരുന്നു താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ പണവും സ്വർണവും നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സുബൈദ ബീവി സമീപത്തെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്നാണ് വർക്കല പൊലീസിൽ പരാതി നൽകിയത്.

അന്വേഷിക്കാനെത്തിയ പൊലീസ്‌ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ജോലിക്കാരി നുഫൈസയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭാവമാറ്റമില്ലാതെ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും മൊഴികളിൽ വൈരുദ്ധ്യം വന്നതോടെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് താനും മകനും ചേർന്നാണ് കവർച്ച നടത്തിയതെന്ന് നുഫൈസ പൊലീസിനോട് സമ്മതിക്കുന്നത്. കുഴിച്ചിട്ട സ്വർണം നുഫൈസ തന്നെ പൊലീസിന് എടുത്തുനൽകി. മൂന്നുവർഷമായി വീട്ടുജോലി ചെയ്യുന്നതിനാൽ വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന നുഫൈസയാണ് മോഷണം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിൻഭാഗത്തെയും മുൻഭാഗത്തെയും വാതിലുകൾ മകന് കവർച്ച നടത്താനായി തുറന്നിട്ടെന്നും പൊലീസ് വ്യക്തമാക്കി.

രാത്രി വീട്ടിലെത്തിയ അൻവറും നുഫൈസയും ചേർന്ന് മോഷ്ടിച്ച സ്വർണം വീടിന് സമീപത്തെ കിണറ്റിനരികിൽ കുഴിച്ചിട്ടു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വീടിന്റെ മുൻഭാഗത്തെ വാതിലിന് കേടുപാടുകൾ വരുത്തുകയും കവർച്ച നടത്തിയ മുറിയിലെ എ.സിയുടെ യൂണിറ്റ് ഇളക്കി മാറ്റുകയും ചെയ്‌തു. പിന്നിലുള്ള ജനാലയുടെ അഴികൾ ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റി കിണറ്റിനോട് ചേർന്നുള്ള ഭാഗത്ത്‌ ഉപേക്ഷിച്ചശേഷം പണവുമായി അൻവർ ചെന്നെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. നുഫൈസയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സാഹചര്യം മനസിലാക്കാൻ അൻവർ ട്രെയിനിൽ വർക്കലയിലെത്തി. നിരീക്ഷണത്തിലായിരുന്ന അൻവറിനെ വർക്കല സ്റ്റേഷനിലെത്തിയയുടൻ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കവർച്ച നടത്തിയ വീട്ടിൽ ഇയാളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച പണത്തിൽ 36,​000 രൂപ ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഒളിവിൽ പോകുന്നതിനായി 20,000 രൂപ ചെലവാക്കിയെന്നും അൻവർ പൊലീസിനോട് പറഞ്ഞു.

രണ്ടുവർഷം മുമ്പ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി ഈ വീട്ടിൽ ജോലി ചെയ്‌തിരുന്നതിനാൽ അൻവറിന് വീടിനെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടായിരുന്നു. സുബൈദാ ബീവിയുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് നുഫൈസ ബീവിയാണ്. അതിനാൽ മോഷണം നടത്തിയാൽ ഇവരെ ആരും സംശയിക്കില്ലെന്ന വിശ്വാസവും കവർച്ച നടത്താൻ പ്രേരിപ്പിച്ചു. ഇരുവരെയും വർക്കല കോടതി റിമാൻഡ് ചെയ്‌തു.