pooja

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജയും തുലാഭാരവും വിവാഹവും ചോറൂണുമൊക്കെ വീട്ടിലിരുന്ന് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നു തിരുവിതാംകൂർ ദേവസ്വം ബോ‌ർഡ് ! 1250 ക്ഷേത്രങ്ങളിൽ ഭക്തർക്ക്

ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യാം. നിലവിൽ ദൂരെയുള്ള ക്ഷേത്രങ്ങളിൽ പരിചയക്കാർ വഴി പണമടച്ചാണ് പൂജ ബുക്ക് ചെയ്യുന്നത്.

ചില ക്ഷേത്രങ്ങളിൽ വർഷങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട പൂജകളുടെ തീയതി അറിയാം. വഴിപാടുകൾ, നിരക്ക് ,​ ബുക്കിംഗ് സ്റ്റാറ്റസ് എന്നിവയെല്ലാം ഓരോ ക്ഷേത്രത്തിന്റെയും പേജിലുണ്ടാവും.

സൈബർ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൈസേഷൻ നടപ്പാക്കുന്നത്. ബോർഡിന്റെ150 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇംപ്ളിമെന്റേഷൻ കമ്മിറ്റിയുണ്ട്. ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി ബിജുവാണ് കോ-ഓർഡിനേറ്റർ. ജീവനക്കാരിൽ ഐ.ടി വൈദഗ്ദ്ധ്യമുള്ളവരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.

മലയാളം കലണ്ടർ

ഓരോ ക്ഷേത്രത്തിന്റെയും പേജുകൾ മലയാളം കലണ്ടറുമായി ബന്ധിപ്പിക്കും. ഒരു മലയാള മാസത്തിലെ നക്ഷത്രം സെലക്ട് ചെയ്താൽ ആ നാൾ ഏത് ഇംഗ്ളീഷ് മാസത്തിലെ ഏത് തീയതിയാണെന് അറിയാം.

നേർന്നയാൾ മരിച്ചാൽ

വർഷങ്ങൾക്ക് മുമ്പ് പൂജ ബുക്ക് ചെയ്തയാൾ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് പൂജയുടെ തീയതി അറിയാൻ ആളിന്റെ പേരും വിലാസവും പൂജയുടെ വിവരവും ടൈപ്പ് ചെയ്താൽ മതി.

ഇ - ഗവേണൻസ് നടപ്പാകുന്നതോടെ ക്ഷേത്രങ്ങളുടെ ഭരണവേഗം കൂടും,​ സാമ്പത്തിക ഇടപാടുകൾ സുതാര്യമാകും,. വരുമാന ചോർച്ചയും തടയാം.

പി.എസ്. പ്രശാന്ത്

പ്രസിഡന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ്