തിരുവനന്തപുരം:കൊവീഷീൽഡ് വാക്സിൻ ഉപയോഗിച്ചവർക്ക് രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന മരുന്ന് കമ്പനിയായ ആസ്ട്രാസെനെകയുടെ വെളിപ്പെടുത്തൽ സൃഷ്ടിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ദ്ധനായ ഡോ.ബി.ഇക്ബാൽ പറഞ്ഞു. ആസ്ട്രാസെനെക വിപണനം ചെയ്യുന്ന കൊവിഷീൽഡ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് വികസിപ്പിച്ചത്. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലാണ് വാക്‌സിന്റെ അടിസ്ഥാനഗവേഷണം നടത്തിയത്. അതിനാൽ, വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രാസെനെകയ്ക്ക് യോഗ്യത ഇല്ലെന്നും ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് കമ്പനി ചെയ്തിട്ടുള്ളതെന്നും ഡോ.ബി.ഇക്ബാൽ പറഞ്ഞു.
വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കാൻ അപൂർവമായ സാദ്ധ്യതയാണുള്ളത്. ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയും കൊവിഷീൽഡിന്റെ പാർശ്വഫലങ്ങൾ അപൂർവമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകൾക്കും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. കൊവിഡനന്തര അവസ്ഥയുടെ (പോസ്റ്റ് കൊവിഡ് കണ്ടിഷൻ) ഭാഗമായി രക്തക്കട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം). പ്രമേഹം,രക്തസമ്മർദ്ദം എന്നിവയുള്ള പ്രായമായവരിലാണ് ഇത് കൂടുതലും കാണുന്നത്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കൊവിഡ് വന്നിട്ടുണ്ടാകാം. ചിലരെ രോഗലക്ഷണമില്ലാതെ കൊവിഡ് ബാധിച്ചേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ അത് വാക്സിൻ മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
ആന്റി വാക്സേഴ്സ് സജീവം
വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷപ്പെട്ടിട്ടും ആന്റി വാക്സേഴ്സ് എന്നറിയപ്പെടുന്ന വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമാണ്. ചില അർബുദങ്ങളെ പോലും പ്രതിരോധിക്കാൻ വാക്സിനുകൾ പ്രയോഗിക്കുന്നുണ്ട്. എച്ച്.ഐ.വി /എയ്‌ഡ്‌സ് പോലുള്ള പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കാനും ഗവേഷണം നടക്കുകയാണ്.
മഴക്കാല പൂർവ്വ ശുചീകരണ
ജോലികൾ ഊർജ്ജിതമാക്കണം
തിരുവനന്തപുരം: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം.
വേനൽമഴ ശക്തമാകും മുമ്പ് ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. കൊതുക് നിർമ്മാർജ്ജനം ഊർജ്ജിതമാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള കെട്ടിടങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് സജ്ജമാക്കണം. 25 ന് മുമ്പായി പൊഴികൾ ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം.
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര മേഖലയിൽ ബോധവത്ക്കരണം നടത്തുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാദ്ധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുകയും ചെയ്യണം. ആപത് മിത്ര , സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.