തിരുവനന്തപുരം: ലോകബാങ്ക് വായ്‌പ സഹായത്തോടെ കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി സ്വകാര്യകമ്പനിക്ക് നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ ജല അതോറിട്ടി വെള്ളം ചേർക്കുന്നു. ടെൻഡർ തുകയെക്കാൾ 23.06 % അധികം ക്വാട്ട് ചെയ്ത ബഹുരാഷ്ട്ര കമ്പനിയായ സൂയസ് പ്രോജക്ട്സിന് കരാർ നൽകാനാണ് നീക്കം. ഇതുമൂലം 104.23 കോടി രൂപ സർക്കാർ അധികം നൽകേണ്ടിവരും. ടെൻഡർ തുകയുടെ 13.06 % ആണിത്. അധികം നൽകേണ്ടിവരുന്ന മൊത്തം തുക( 23.06 %) കണക്കാക്കിയാൽ 184.05 കോടിയാവും.
798.13 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഇതിന്റെ 10 % വരെ ടെൻഡർതുക ഉയരാം. ജലഅതോറിട്ടിക്ക് അത് നേരിട്ട് പാസാക്കാം. അതിലും ഉയർന്നതാണെങ്കിൽ റീടെൻഡർ ചെയ്യണം. അപ്പോഴും ഉയർന്ന തുക ക്വാട്ട് ചെയ്താൽ മന്ത്രിസഭയുടെ അനുമതി തേടണം. എന്നാൽ, സൂയസിന്റെ കാര്യത്തിൽ റീടെൻഡർ ചെയ്യാതെ മന്ത്രിസഭയുടെ അനുമതിതേടുകയാണ്. അതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതി തിങ്കളാഴ്ച ചേരാൻ തീരുമാനിച്ചിരുന്നു. യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് അത് മാറ്റി. 6ന് വീണ്ടും ചേരാനാണ് തീരുമാനം.
ടെൻഡറിൽ എട്ട് കമ്പനികൾ പങ്കെടുത്തെങ്കിലും സാങ്കേതികപരിശോധനയിൽ ആറെണ്ണം പുറത്തായി. സൂയസിനൊപ്പം മഹാരാഷ്ട്രയിലെ വിശ്വരാജ് എൻവയൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അന്തിമപട്ടികയിലെത്തിയത്. 36% അധികമാണ് അവർ ക്വാട്ട് ചെയ്തത്. ഇതോടെ കുറഞ്ഞ തുക ക്വാട്ട് ചെയ്ത സൂയസിനെ പരിഗണിക്കുകയായിരുന്നു.
ടെൻഡറിന്റെ പരിശോധനാവേളയിലാണ് വ്യവസ്ഥകളിൽ ഇളവ് നൽകിയത്.
കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പേരിൽ കൊച്ചിയിൽ നടപ്പാക്കുന്ന പദ്ധതി തിരുവനന്തപുരത്തും പിന്നീട് നടപ്പാക്കും. 10 വർഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നതിലൂടെ ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കമില്ലാതെ ലഭ്യമാക്കിയും ജലഅതോറിട്ടിയുടെ നഷ്ടം 20 ശതമാനം കുറയ്ക്കുമെന്നാണ് വാഗ്ദാനം.
സൂയസിന് ഇളവുകൾ ഇങ്ങനെ
1. 23.06% അധികം ക്വാട്ട് ചെയ്തത് നിലനിറുത്തി
2. തുടർപരിപാലനത്തിന് 40% എന്നത് 30% ആക്കി
3. പെർഫോമൻസ് ഗാരന്റിക്ക് തുക നിശ്ചയിച്ചില്ല
4. പ്രൈസ് എസ്‌കലേഷൻ വ്യവസ്ഥ ഉൾപ്പെടുത്തി
ടെൻഡർ തുക
798.13 കോടി
സൂയസ് ക്വാട്ട് ചെയ്തത്
982.18 കോടി