തിരുവനന്തപുരം: ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലെന്ന പോലെ പേട്ടയിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിലും അധികൃതർക്ക് ശ്രദ്ധയില്ല. രാത്രിയായാൽ സ്വയം സുരക്ഷ നൽകേണ്ട അവസ്ഥയാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ (ആർ.പി.എഫ്), പൊലീസോ രക്ഷയ്ക്ക് എത്തുമെന്ന് കരുതിയാൽ അത് അതിമോഹമായിപ്പോകും.
പകൽ സമയങ്ങളിൽ പോലും ഇവിടെ ആവശ്യത്തിന് റെയിൽവേ പൊലീസില്ലാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിലെ സുരക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളി. ദീർഘദൂര ട്രെയിനുകൾ പലതും രാത്രി വൈകിയാണ് പേട്ട സ്റ്റേഷനിലെത്തുന്നത്. പുലർച്ചെ ട്രെയിനുകളെത്തുമ്പോൾ ആർ.പി.എഫോ പൊലീസുകാരോ ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ലെന്നാണ് യാത്രക്കാരുടെ പരാതി. എന്നാൽ അതൊന്നും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല.
മുമ്പ് രാത്രിയിൽ മാല പിടിച്ചുപറിക്കൽ അടക്കമുള്ള സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഒന്നോ രണ്ടോ ആർ.പി.എഫുകാർ രണ്ടുദിവസത്തേക്ക് ഡ്യൂട്ടിക്കെത്തും. അതുകഴിഞ്ഞാൽ കാര്യങ്ങൾ പഴയതുപോലെയാകും. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പലതവണ പേട്ട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ നടപടികളെല്ലാം സന്ദർശനത്തിൽ മാത്രമായി ഒതുങ്ങുകയാണ് ചെയ്യാറുള്ളത്.
നീങ്ങിത്തുടങ്ങുന്ന ട്രെയിനുകളിൽ ഓടിക്കയറാൻ യാത്രക്കാർ ശ്രമിക്കുന്നതാണ് ഇവിടത്തെ മറ്റൊരു പ്രശ്‌നം. യാത്രക്കാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ചുമതലയുള്ള ആർ.പി.എഫുകാർ ഇവിടെയില്ലാത്തതും ആശങ്കയുണ്ടാക്കുന്നു.