വിതുര: വിതുര പഞ്ചായത്തിലെ മരുതാമല വാർഡിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉന്നതപഠന ഗവേഷണ കേന്ദ്രമായ ഐസർ കാമ്പസിലും പരിസരത്തും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. കിണറുകൾ മുഴുവൻ ഇതിനോടകം വറ്റിവരണ്ടു. കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി ഐസർ കാമ്പസിൽ നിർമ്മിച്ച കുഴൽക്കിണറുകളിൽ നിന്നു ജലം ലഭിക്കാത്ത അവസ്ഥയാണ്. പത്തോളം കുഴൽക്കിണറുകളാണ് ഇവിടെ നിർമ്മിച്ചത്. മക്കിയാറ് സമീപത്തുകൂടി ഒഴുകുന്നുണ്ടെങ്കിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നില്ല. നദികളിലും വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയാണ്. അതികഠിനമായ ചൂടുമൂലം പ്രദേശത്തെ നീരുറവകളും നീർച്ചാലുകളും മറ്റും ഇതിനകം വറ്റിക്കഴിഞ്ഞു. നിലവിൽ ഐസറിൽ അരുവിക്കര ഡാമിൽ നിന്നും ടാങ്കർ ലോറികളിലായി ശുദ്ധജലം എത്തിക്കുകയാണ്. ആവശ്യത്തിന് ജലം ലഭ്യമാകാത്തതും കഠിനമായ ചൂടും ഐസറിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആയിരത്തിൽപ്പരം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഉദ്യോഗസ്ഥരും അദ്ധ്യാപകരുമടക്കം രണ്ടായിരത്തോളം പേർ ഉണ്ട്. ഐസറിന് പുറമേ സമീപപ്രദേശങ്ങളായ മരുതാമല, ജഴ്സിഫാം, അടിപറമ്പ്, ചാത്തൻകോട്, ചെമ്മാംകാല, മക്കി മേഖലകളിലും ശുദ്ധലക്ഷാമം നേരിടുന്നുണ്ട്. നാട്ടുകാർ തൊണ്ട നനയ്ക്കാൻ ഒരിറ്റ് ദാഹനീരിനായി പരക്കംപായേണ്ട സ്ഥിതിയാണ്. മേഖലയിലെ ജലസ്രോതസുകൾ മുഴുവനും വറ്റി. ഇവിടെ മിക്ക മേഖലകളിലും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. നിലവിലുള്ള ലൈനിൽ മുടങ്ങാതെ ജലം ലഭിക്കാറുമില്ല. കുടിനീരിനായി സമരം നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാർ.

ജലക്ഷാമം ഇതാദ്യം

ഐസറിൽ ശുദ്ധജലക്ഷാമം നേരിടുന്നത് ഇതാദ്യമായാണ്. കഴിഞ്ഞവർഷം വരെ കുഴൽക്കിണറുകളിൽ വേണ്ടത്ര ജലം ലഭിച്ചിരുന്നു. കഠിന ചൂടിൽ വരണ്ടുണങ്ങിയ നിലയിലാണിപ്പോൾ. അതികഠിനമായ ചൂട് മൂലം പകൽസമയങ്ങളിൽ പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയാണ്. വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുന്നു.

പ്രതിസന്ധികൾ അനവധി

വാഴ്വാൻതോൽ വെള്ളച്ചാട്ടത്തിൽ നിന്നും പേപ്പാറ ഡാമിലേക്ക് ഒഴുകിയെത്തുന്ന നദിയും മെലിഞ്ഞുണങ്ങി. നേരത്തേ സമൃദ്ധമായി ഒഴുകിയിരുന്ന പുഴയായിരുന്നു. ഡാമിലെ ജലനിരപ്പും അനുദിനം താഴുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും വരണ്ടുണങ്ങിയ നിലയിലായിട്ടുണ്ട്. വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷം തുടർന്നാൽ തലസ്ഥാന നഗരത്തിലെ കുടിവെള്ള വിതരണം തടസപ്പെടാനും സാദ്ധ്യതയുണ്ട്.