പാലോട് : പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ കത്തു നൽകിയെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നു ഇറങ്ങിപ്പോയി.19/02 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൻപ്രകാരം മാർച്ച് 31 വരെ 5 ലക്ഷം രൂപയും ഏപ്രിൽ 1 മുതൽ മേയ് 31 വരെ 12 ലക്ഷം രൂപയും കുടിവെള്ളം ലഭ്യമാക്കുന്നതിന് ഉപയോഗിക്കാം എന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നിട്ടും പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു കൂടിയാണ് ബഹിഷ്കരണം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.