വിഴിഞ്ഞം: ഓണസമ്മാനമായി വിഴിഞ്ഞം രാജ്യാന്തരമുഖം കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജൂൺ അവസാനം പൂർണ ട്രയൽ റൺ നടത്തും. തുറമുഖ നിർമാണ പുരോഗതി വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമാണം 85 ശതമാനവും പൂർത്തിയായി. റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്. തുറമുഖത്തെ ക്രെയിനുകളുടെ പ്രവർത്തനം മന്ത്രി നേരിൽകണ്ടു. പൂർണമായും ഓട്ടോമാറ്റിക് പ്രവർത്തന സംവിധാനം ഉള്ളതാണ് ക്രെയിനുകൾ. അടുത്തമാസം കണ്ടെയ്‌നറുകളുമായി ബാർജ് എത്തിച്ചാണ് ട്രയൽ റൺ.
മന്ത്രി സജി ചെറിയാൻ, വിസിൽ എം.ഡി ദിവ്യ.എസ്.അയ്യർ, തുറമുഖ കമ്പനി സി.ഇ.ഒ പ്രദീപ് ജയരാമൻ, അദാനി കോർപ്പറേറ്റ് അഫേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കസ്റ്റംസ് ഓഫീസ് ഉടൻ
ഷിപ്പിംഗ് മന്ത്രലയത്തിന്റെ ട്രാൻസ്‌ഷിപ്മെന്റ് അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫീസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. സെൻട്രൽ ബോർഡ് ഒഫ് ഇൻ ഡയറക്ടഡ് ടാക്സസ് ആൻഡ് കസ്റ്റംസ് അനുമതിക്ക് കാക്കുകയാണ്. കസ്റ്റംസ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശ ഷിപ്പിംഗ് കമ്പനികൾക്കും വിദേശ കപ്പലുകൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു ചരക്കുനീക്കം നടത്താനാകും.