ആറ്റിങ്ങൽ: കിഴക്കേ നാലുമുക്കിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം വാഹന- കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു അയിലം ഭാഗത്തേക്ക് തിരിയുന്ന റോഡിലാണ് ആദ്യം താത്കാലിക ഡിവൈഡറുകൾ നിരത്തി ഗതാഗതം നിയന്ത്രിച്ചത്. താത്കാലിക ഡിവൈഡറുകൾ കാരണം കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് അയിലം ഭാഗത്തേക്ക് തിരിയാൻ പറ്റുന്നില്ല. ആറ്റിങ്ങലിൽ നിന്ന് അയിലം വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ ഡിവൈഡറുകൾ തടസമായതോടെ സർവീസ് നിറുത്തിവച്ചു. ദേശീയപാത വഴി വരുന്ന വാഹനങ്ങൾക്ക് അയിലം റോഡിലേക്ക് തിരിയാൻ ഇടമില്ലാതായതാണ് കാരണം.
വഴിമുട്ടി യാത്രക്കാർ
ഡിവൈഡറുകൾ കാരണം തങ്ങൾക്ക് സർവീസ് നിറുത്തിവയ്ക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ബസുകൾ തിരിയാൻ പോലും സ്ഥലമില്ലാത്ത രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ ഉടൻ നീക്കം ചെയ്യാമെന്ന് പൊലീസിന്റെ ഉറപ്പ് ഉണ്ടായെങ്കിലും പൂർണമായി ഈ ഭാഗത്തുനിന്ന് ഇവ നീക്കം ചെയ്തിട്ടില്ല. രോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ദുരിതമനുഭവിക്കുന്നത്.
സിഗ്നൽ ലൈറ്റ് വേണം
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഗവ. കോളേജിൽ വോട്ടിംഗ് മെഷിൻ വിതരണത്തിനായാണ് പൊലീസ് ഇത്തരമൊരു ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. എന്നാൽ ദേശീയപാതയിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കിഴക്കേ നാലുമുക്കിലെ വിവിധ റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇവിടെ ഡിവൈഡറല്ല, നിലവിലുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പരിഷ്കാരം വേണം
നിലവിലുള്ള ട്രാഫിക്ക് ലൈറ്റുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാലും ദേശീയ പാതയിലെ അനധികൃത വാഹന പാർക്കിംഗ് നിയന്ത്രിച്ചാലും ഇവിടെ ഗതാഗതം സുഗമമാക്കാൻ കഴിയും. ഇവിടെ കാൽനട യാത്രക്കാർക്കായി ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന ഉറപ്പും പ്രഖ്യാപനത്തിലോതുങ്ങി. അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കേ ഡസൻ കണക്കിന് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കേന്ദ്രമായ ഇവിടെ സമഗ്രമായ ട്രാഫിക് പരിഷ്ക്കാരം തന്നെ നടപ്പിലാക്കണം.