ബാലരാമപുരം: ബാലരാമപുരം –കാട്ടാക്കട റോഡിൽ വാഹന ഗതാഗതം വെല്ലുവിളിയാകുന്നു. നാലു റോഡുകൾ സംഗമിക്കുന്ന ബാലരാമപുരം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വീണ്ടും തല പൊക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ ഹോംഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും കാട്ടാക്കട റോഡിലെ സ്ഥിതി പരിതാപകരമാണ്. തോന്നിയപോലെയാണ് ഈ ഭാഗത്തെ വാഹനപാർക്കിംഗ്. കാട്ടാക്കട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വിഴിഞ്ഞം –നെയ്യാറ്റിൻകര-തിരുവനന്തപുരം ഭാഗത്തേക്ക് മിനിട്ടുകൾ കഴിഞ്ഞാണ് കടത്തിവിടുന്നത്. സിഗ്നൽ സംവിധാനത്തിന്റെ അപര്യാപ്തതമൂലം ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡുകൾ പാടുപെടുകയാണ്. താരതമ്യേന വീതികുറഞ്ഞ റോഡിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതായതോടെ ബാലരാമപുരം –കാട്ടാക്കട റോഡിൽ ഗതാഗത തടസം പതിവാകുകയാണ്. വ്യാപാരി വ്യവസായി സംഘടനകളും ഓട്ടോറിക്ഷത്തൊഴിലാളി യൂണിയനും കച്ചവടക്കാരുടേയും നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ച് കാട്ടാക്കട റോഡിൽ പീക്ക് അവറുകളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തിരക്കുള്ള റോഡിൽ പാർക്കിംഗ് തോന്നിയപോലെ
സിഗ്നൽ സംവിധാനത്തിന്റെ അപര്യാപ്തത
വീതികുറഞ്ഞ റോഡിൽ വാഹനം പാർക്കിംഗിന് ഇടമില്ല
ഫുട്പാത്ത് തകർന്നതും കാൽനടയാത്രക്കാർക്ക് വെല്ലുവിളിയാകുന്നു
പരിഹാരമില്ലാതെ
വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ആഴ്ചകൾ ബാക്കിയിരിക്കെ കാട്ടാക്കട റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്കൂൾ ബസ്സുകളും നിരത്തിലിറങ്ങുന്നതോടെ കാട്ടാക്കട റോഡിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷമാവും. നൂറുകണക്കിന് വാഹനമാണ് നിത്യേന ഈ റോഡിലൂടെ കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് വിഴിഞ്ഞം റോഡിലേക്ക് മാറ്റി സ്ഥാപിച്ച് പരിഷ്ക്കാരം കൊണ്ടുവന്നപ്പോൾ കുരുക്കിന് അയവ് വന്നിരുന്നു. പിന്നീട് പരിഷ്ക്കാരം മാറ്റിയപ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും വർദ്ധിച്ചു. കണ്ടെയ്നർ ചരക്കുലോറികൾ കടന്നുപോകുമ്പോഴും അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
പ്രതിസന്ധികൾ ഏറെ
വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലപരിമിതി കച്ചവടത്തെ ബാധിക്കുന്നതായും വ്യാപാരികൾക്ക് പരാതിയുണ്ട്. ചില സമയങ്ങളിൽ റോഡിനിരുവശങ്ങളും ഇരുചക്രവാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാൻ സാധിക്കും. ഫുട് പാത്ത് പൊട്ടിപ്പൊളിഞ്ഞതുകാരണം യാത്രക്കാരുടെ സഞ്ചാരവും റോഡിലൂടെതന്നെ. ഇതും ഗതാഗത പ്രതിസന്ധിക്ക് കാരണമാവുന്നു.