തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പരാതിപ്പെട്ടിട്ടും കന്റോൺമെന്റ് പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ എൽ.എച്ച്. യദു നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എം.എൽ.എ, ആര്യയുടെ സഹോദരൻ അരവിന്ദ്, കണ്ടാലറിയുന്ന 2പേർ എന്നിവർക്കെതിരെയാണ് അന്വേഷണം. കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും അന്വേഷണമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജൂനാഥ് ഉത്തരവിട്ടു. 9ന് തിരുവനന്തപുരത്തെ സിറ്റിംഗിൽ കേസ് പരിഗണിക്കും.