ശംഖുംമുഖം: പൊതുടാപ്പിന്റെ കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിട്ടി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് കണക്‌ഷൻ നൽകിയതായി ആക്ഷേപം. ഈഞ്ചയ്ക്കൽ ജംഗ്ഷനും മുട്ടത്തറ ഇന്ത്യൻ ബാങ്കിനുമിടയിൽ സർവീസ് റോഡിലുണ്ടായിരുന്ന പൊതുടാപ്പ് മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുകയും പകരം ഇവിടെ നിന്ന് കണക്‌ഷൻ നൽകിയെന്നുമാണ് പരാതി.

നാട്ടുകാർ കുടിവെള്ളമെടുക്കാനെത്തിയപ്പോഴാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് വെള്ളമെത്തിക്കുന്നതായി കണ്ടത്. എന്നാൽ പൊതുടാപ്പ് മുറിച്ചുമാറ്റിയാണ് കണക്‌ഷൻ തന്നതെന്ന് അറിയില്ലായിരുന്നെന്നും സൗജന്യ കുടിവെള്ള കണക്ഷനുവേണ്ടി നൽകിയ അപേക്ഷയിലാണ് കണക്‌ഷൻ ലഭിച്ചതെന്നും സ്വകാര്യ വ്യക്തി പറയുന്നു. പൊതുടാപ്പ് മാറ്റിയകാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലറും വ്യക്തമാക്കി.

ഹോസ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പൊതുടാപ്പ് മുറിച്ചുമാറ്റാൻ കാരണമെന്നാണ് വാട്ടർ അതോറിട്ടി കുര്യാത്തി സെക്‌ഷനിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ പ്രധാന ലൈനിൽ നിന്ന് പുതിയ കണക്ഷൻ നൽകുന്നതിന് പകരം പൊതുടാപ്പ് മുറിച്ചുമാറ്റി സ്വകാര്യവ്യക്തിക്ക് എങ്ങനെ നൽകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വാട്ടർ അതോറിട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.