നെയ്യാറ്റിൻകര: മകളുടെ വിവാഹത്തിനും വീട് നവീകരണത്തിനുമായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതുമൂലം ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം മരുതത്തൂർ പുളിമൂട് പുത്തൻവീട്ടിൽ സോമസാഗരം (55)ആണ് വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്. ആറു ലക്ഷം രൂപയാണ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

കഴിഞ്ഞ 19 നാണ് സോമസാഗരം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വാഴ കർഷകൻ കൂടിയായ സോമസാഗരം വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനിയാണ് കഴിച്ചത്. അന്നേ ദിവസം ഛർദ്ദി അനുഭവപ്പെട്ടെങ്കിലും കളനാശിനി കഴിച്ച വിവരം ആരോടും വ്യക്തമാക്കിയിരുന്നില്ല. പിറ്റേദിവസവും ഛർദ്ദി നിൽക്കാത്തിതിനെ തുടർന്നാണ് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയുടെ കാരണമെന്തെന്ന ഡോക്ടർമാരുടെ നിരന്തരമായ ചോദ്യത്തിനൊടുവിലാണ് കളനാശിനി കഴിച്ചവിവരം വ്യക്തമാക്കിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നിന്നു പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസും മജിസ്‌ട്രേട്ടും എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

കെട്ടിടനിർമ്മാണ തൊഴിലാളിയായ സോമസാഗരം കൃഷിപ്പണി ചെയ്ത് സമ്പാദിച്ച പണമാണ് പലപ്പോഴായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ ഒരു ലക്ഷത്തോളം രൂപ നിരവധി തവണ ബാങ്കിൽ കയറിയിറങ്ങി പലഘട്ടങ്ങളായി തിരികെ വാങ്ങിയിരുന്നു. മേൽക്കൂര തകർന്ന പഴയ വീട് നവീകരിക്കാനും തുടർന്ന് മകളുടെ വിവാഹം അടിയന്തരമായി നടത്താനുമാണ് മുഴുവൻ സമ്പാദ്യം തിരികെ ആവശ്യപ്പെട്ടത്. ബാക്കിയുള്ള അഞ്ചുലക്ഷം ലഭിക്കാൻ മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പണം നൽകാൻ ബാങ്ക് അധികൃതർ തയ്യാറായില്ല. ലോൺ എടുത്തവർ പണം തിരിച്ചടയ്ക്കുന്നില്ലെന്ന കാരണമാണ് ബാങ്ക് അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. വീട് നവീകരിക്കാൻ നെയ്യാറ്റിൻകര നഗരസഭയിൽ അപേക്ഷിച്ചെങ്കിലും അർഹതയില്ലെന്ന കാരണം പറഞ്ഞ് അതും നടന്നില്ല. ഇതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. തനിക്ക് പണം കിട്ടാനുണ്ടെന്ന വിവരം ആരോടും പരാതി പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല. ബാങ്കിൽ നിന്നുള്ള നിസ്സഹരണത്തെ സംബന്ധിച്ച് വീട്ടിലും അറിയിച്ചിരുന്നില്ല. മാരായമുട്ടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സോമസാഗരം നിക്ഷേപിച്ച ആറു ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ തിരികെ നൽകിയെന്നും ശേഷിക്കുന്ന തുക ആവശ്യപ്പെട്ടിരുന്നില്ലെന്നുമാണ് ബാങ്ക് സെക്രട്ടറി ജയകുമാരിയുടെ പ്രതികരണം.

ഭാര്യ : ലൈല ജാസ്മിൻ. മക്കൾ: മിഥുൻ, സുമി.