nursing

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ ഏകജാലക പ്രവേശന നടപടികൾ തുടർന്നേക്കും. പ്രവേശനത്തിനായുള്ള അപേക്ഷാ ഫീസായ 1000 രൂപയ്ക്ക് 2017 മുതൽ 18% ജി.എസ്.ടി നല്കണമെന്ന ധനകുപ്പിന്റെ നിർദ്ദേശം ഒഴിവാക്കാനുള്ള സാദ്ധ്യത പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയതിനെ തുടർന്നാണിത്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നാണ് ഉറപ്പ് നൽകിയത്. ഒൻപതാം തീയതി പ്ലസ്ടു ഫലം വരുമ്പോൾ പ്രവേശന നടപടികൾ ആരംഭിക്കേണ്ട സാഹചര്യത്തിലായിരുന്നു ചർച്ച. സംസ്ഥാനത്ത് 119 സ്വകാര്യ നഴ്സിംഗ് കോളേജുകളാണുള്ളത്. 50 എണ്ണം പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലും 34 എണ്ണം ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലും. ഒരു സംഘടനയിലുമില്ലാത്തത് 35 കോളേജുകൾ.