തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ സൈബർ ആക്രമണത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന റേഡിയേഷൻ ചികിത്സ ഇന്നുമുതൽ സാധാരണ നിലയിലാവും. റേഡിയേഷൻ സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്തിട്ടുള്ള സെർവറുകൾക്ക് നേരെയായിരുന്നു ആക്രമണം. നിത്യേന 500 രോഗികൾക്ക് ഇവിടെ റേഡിയേഷൻ നടന്നു വരികയായിരുന്നു.

സൈബർ പൊലീസും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അടിയന്തര നടപടികളിലൂടെ സെർവർ വീണ്ടെടുത്തതോടെയാണ് റേഡിയേഷൻ തുടങ്ങാൻ സാഹചര്യമൊരുങ്ങിയത്. രോഗികൾക്ക് തെറ്റായ റേഡിയേഷനിലൂടെ അപകടമുണ്ടാനാണ് സെർവർ ഹാക്ക് ചെയ്തതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് സെർട്ട്-കെയുടെ അന്വേഷണം പുരോഗമിക്കുകയാണ്. 20 ലക്ഷത്തിലേറെപ്പേരുടെ ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജിഫലം എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന സെർവറുകളാണ് ആക്രമിക്കപ്പെട്ടത്. രോഗികളുടെ തുടർചികിത്സയുടെ വിവരങ്ങളടക്കം നഷ്ടപ്പെട്ടതായാണ് സൂചന. എത്രമാത്രം രേഖകൾ നഷ്ടമായതായി ഫോറൻസിക് പരിശോധനയിലേ വ്യക്തമാവൂ.

സൈബർ ആക്രമണം ചെറുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ചതിലെ പിഴവാണ് ഹാക്കർമാർ മുതലെടുത്തത്. സൈബർ ആക്രമണം തടയാൻ സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളടങ്ങിയ സാങ്കേതിക റിപ്പോർട്ട് പൊലീസ് ആർ.സി.സിക്ക് കൈമാറും.