1

കഴക്കൂട്ടം: കഠിനംകുളം പുതുക്കുറിച്ചിയിൽ പൊലീസിനെ ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്‌തു. പുതുക്കുറുച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ സഹോദരങ്ങളായ നബിൻ (25),കൈഫ് (22) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അടിപിടിക്കേസുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നതിനാണ് പൊലീസ് പുതുക്കുറുച്ചിയിലെത്തിയത്. എന്നാൽ പ്രതികളെ ബന്ധുക്കൾ തടഞ്ഞുവച്ച ശേഷം പൊലീസിനെ മർദ്ദിച്ച് ബന്ധികളാക്കി രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. മൂന്നു പൊലീസുകാർ മാത്രമാണ് ആദ്യമെത്തിയത്. ഇവരെയാണ് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത നബിൻ,കൈഫ് എന്നിവരെ പൊലീസ് വിലങ്ങഴിച്ച് വിട്ടയയ്ക്കുകയായിരുന്നു.

സ്ഥലത്ത് ആളുകൾ കൂടിയതോടെ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സംഭവദിവസം ആരെയും പിടികൂടാൻ കഴിഞ്ഞില്ല. തീരദേശമായതിനാൽ രാത്രി മറ്റ് നടപടികൾ വേണ്ടെന്ന ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം പൊലീസ് മടങ്ങി. അടിപിടിയിൽ പരിക്കേറ്റ സഫീർ,അലി,ജാഫർ എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് പുറമെ സ്ത്രീകൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും കഠിനംകുളം പൊലീസ് വ്യക്തമാക്കി.