driving-test

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്ര് പരിഷ്‌കരണം ആദ്യ ദിവസം തന്നെ അലങ്കോലമായി. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ട്‌ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകൾ ബഹിഷ്‌കരിച്ചുകൊണ്ട് കരിദിനം ആചരിച്ചു. ഇന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

വിഷയത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെ ഇന്നലെ സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്ര് ഗ്രൗണ്ടുകളും നിശ്ചലമായി. വരുംദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്.

ഹൈക്കോടതി വിധി അനുകൂലമല്ലെങ്കിൽ മേയ് 15ന് സെക്രട്ടേറിയറ്റ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ് പറഞ്ഞു.

ഒരു കേന്ദ്രത്തിലും സ്ളോട്ട് ലഭിച്ചവർക്ക് ടെസ്റ്റ് നടന്നില്ല. തിരുവനന്തപുരം മുട്ടത്തറയിൽ 60 പേർക്ക് ടെസ്റ്റിന് സമയം നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ആരുമെത്തിയില്ല. കൊല്ലം ആശ്രാമം മൈതാനത്ത് 34 പേർക്കാണ് സ്ലോട്ട് ഉണ്ടായിരുന്നത്. ആരുമെത്തിയില്ല. കായംകുളത്ത് ടെസ്റ്റിനെത്തിയ 24 പേരെയും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഗ്രൗണ്ടിലിറങ്ങാൻ അനുവദിച്ചില്ല. കൊച്ചി,​ ആലപ്പുഴ എന്നിവിടങ്ങളിലും ബഹിഷ്കരണം നടന്നു.

കോഴിക്കോട് കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം. ഇവിടെയും സ്ളോട്ട് കിട്ടിയവർ എത്തിയില്ല.

മലപ്പുറത്ത് പ്രതിഷേധക്കാർ ടെസ്റ്രിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടി. തലശ്ശേരിയിൽ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റേതായിരുന്നു പ്രതിഷേധം. കാസർകോഡ് ടെസ്റ്രുകൾ അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ചു.

മാറാതെ ആശയക്കുഴപ്പം

പ്രതിദിനം 60 പേർക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സർക്കുലർ ഇറക്കാത്തതിൽ ആർ.ടി.ഒ മാർക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വിവാദ സർക്കുലർ നിലനിൽക്കെ വാക്കാൽ മാത്രമാണ് മന്ത്രി ഇളവുകൾ പ്രഖ്യാപിച്ചതെന്നും ഉത്തരവായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ നിർദ്ദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.