തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ - ഫയൽ സംവിധാനത്തിലെ ഫയലുകൾ ചോരുന്നു. ഇതിനെതിരെ പരാതിയുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിയെ സമീപിച്ചു.
സെക്രട്ടേറിയറ്റിൽ ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് വെവ്വേറെ ലോഗിനും പാസ്‌വേഡും ഉണ്ട്. അത് തുറക്കാൻ അവർക്ക് മാത്രമാണ് കഴിയുക. എന്നാൽ, ഉദ്യോഗസ്ഥർക്കുമാത്രം തുറക്കാൻ പറ്റുന്ന ഫയലുകൾ ഹാക്കിംഗിലൂടെ കൈക്കലാക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഇങ്ങനെ ഹാക്ക് ചെയ്യാൻ ഐ.ടി സെല്ലിലെ കരാർ ജീവനക്കാരുടെ സഹായം ലഭിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. വിവാദ ഫയലുകളിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പ്രതികൂലമായ അഭിപ്രായങ്ങൾ എഴുതുന്നത് തടയാനാണ് ഈ രീതിയിൽ ഫയലുകൾ ചോർത്തുന്നതെന്നാണ് സൂചന. മൈനിംഗ് ആൻഡ് ജിയോളജി, വനം, വന്യജീവി, റവന്യു, എക്‌സൈസ് നികുതി വകുപ്പ്, പട്ടികവർഗ ക്ഷേമം, ആരോഗ്യം, സിവിൽ സപ്ലൈസ്, വ്യവസായം, പൊതുമരാമത്ത് എന്നീ വകുപ്പുകളിൽ നിന്നാണ് ഇത്തരത്തിൽ ഫയലുകൾ ചോരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സെക്രട്ടേറിയറ്റിലെ ഇ ഫയലിന്റെ സെർവർ നോക്കുന്നത് നാഷണൽ ഇൻഫർമാറ്റിക്സ് (എൻ.ഐ.സി) ആണ്. അവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രാഥമികമായി അവർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.