വിഴിഞ്ഞം: പുലിയൂർകോണത്ത് ആയിരത്തോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. പയറ്റുവിള പുലിയൂർകോണം എസ്.വി.എൻ ഹൗസിൽ സജിതയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് സംഭവം. ഇന്നലെ രാവിലെ ഫാമിന് ചുറ്റും നായ്ക്കൾ ഓടി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. ഈ സമയം കൂടിനുള്ളിൽ ഒരു നായയുമുണ്ടായിരുന്നു. കെപ്കോയിൽ നിന്നും വാങ്ങി 22 ദിവസത്തോളം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് നായകൾ ആക്രമിച്ച് കൊന്നതെന്ന് ഉടമ പറഞ്ഞു. കോഴി ഫാമിന് ചുറ്റും 4 അടി ഉയരം വരെ ഇരുമ്പ് സംരക്ഷണവേലിയുണ്ട് ഇതിന് മുകളിലായി കെട്ടിയിരുന്ന പ്ലാസ്റ്റിക് വല കടിച്ച് കീറിയാണ് നായകൾ അകത്തു കടന്നത്. ഉടമ എത്തുമ്പോഴും നാലോളം നായകൾ ഇതിന് സമീപത്ത് ഉണ്ടായിരുന്നു. സമീപ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും വീടുകളിൽ നിന്നും കോഴികളെ പിടിച്ചു കൊണ്ടുപോകാറുണ്ടെന്നും ഇവർ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സജിത പറഞ്ഞു.