നെയ്യാറ്റിൻകര: 'പുലർച്ചെ വാഴത്തോട്ടത്തിലിറങ്ങി വെള്ളം നനയ്ക്കും, പിന്നീട് മേസ്തിരിപ്പണിക്കിറങ്ങും.വൈകിട്ട് തട്ടുകടയിൽ നിന്നൊരു ഗ്ലാസ് ചായയും കുടിച്ച് നേരെ വീണ്ടും വാഴത്തോട്ടത്തിലേക്ക്. എല്ലുമുറിയെ അദ്ധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെയാണ് അവൻ ആത്മഹത്യ ചെയ്തത്,' സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാതെ വന്നതോടെ ആത്മഹത്യയിൽ അഭയംപ്രാപിച്ച നെയ്യാറ്രിൻകര മരുതത്തൂർ സ്വദേശി സോമസാഗരത്തെക്കുറിച്ച് സുഹൃത്ത് ആനന്ദക്കുട്ടൻ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു.
കർഷകനായ ആനന്ദക്കുട്ടന്റെ തോട്ടത്തിനു സമീപത്താണ് സോമസാഗരവും കൃഷിചെയ്യുന്നത്. സ്വന്തമായി കുറച്ചുഭൂമിയേ ഉള്ളൂ. ഇതുകൂടാതെ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. വൈകിട്ടുവരെ സിമന്റു ചാന്തും കരണ്ടിയുമായി 'യുദ്ധം' ചെയ്തു നടു തളർന്നെത്തിയാലും ഇരുട്ടുവോളം തോട്ടത്തിലെത്തി വെള്ളം കോരും. അങ്ങനെ അദ്ധ്വാനിച്ചു വിളയിച്ചെടുക്കുന്ന വാഴക്കുലകൾ തൊട്ടടുത്തുള്ള വി.എഫ്.പി.സി.കെ മാർക്കറ്റിലാണ് വിൽക്കുന്നത്. അവിടെനിന്ന് ഒരുമിച്ചു കിട്ടുന്ന പണമാണ് കരുതലായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്.
സോമസാഗരത്തിന്റെ സ്വന്തം സ്ഥലം കാട്ടാക്കടയാണ്. വിവാഹശേഷമാണ് ഭാര്യക്ക് സ്ത്രീധനമായി നൽകിയ വീട്ടിൽ താമസം തുടങ്ങിയത്. പഴയ ഓടിട്ടകെട്ടിടത്തിന്റെ മേൽക്കൂര ജീർണിച്ച അവസ്ഥയിലാണ്.അതുമാറ്റാനായി തടി അറുപ്പിച്ച് സൂക്ഷിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി.എന്നാൽ പണത്തിന്റെ കുറവ് കാരണം നടന്നില്ല. മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുംവിധം ഓടുകൾ ഇടിഞ്ഞു വീഴാറായ അവസ്ഥയായപ്പോഴാണ് അതൊന്നു മാറ്റണമെന്ന് സോമസാഗരം തീരുമാനിച്ചത്. നിക്ഷേപത്തുക പിൻവലിച്ച്, അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും അതൊന്നു പുതുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മാസങ്ങൾ കയറിയിറങ്ങിയെങ്കിലും യാതൊന്നും നടന്നില്ല. കോൺഗ്രസ് അനുഭാവിയായ സോമസാഗരം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞുടുപ്പിന്റെ പ്രചാരണത്തിനും പങ്കെടുത്തിരുന്നെങ്കിലും തന്നെ അലട്ടുന്ന വിഷയം ആരോടും പറഞ്ഞില്ല.
''പരിചയക്കാരെ കണ്ടാൽ ചെറു പുഞ്ചിരി, സ്നേഹം പുരട്ടിയ വാക്കുകളിൽ ചെറിയ കുശലം,അതിനപ്പുറം തീവ്രമായ സൗഹൃദം സോമസാഗരത്തിന് ആരുമായും ഉണ്ടായിരുന്നില്ല. അതിന് അദ്ദേഹത്തിന് സമയമില്ലായിരുന്നു. കഠിനാദ്ധ്വാനിയായ സോമസാഗരം വർഷങ്ങളോളം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൈവിട്ടുപോയപ്പോൾ പിടിച്ചുനിൽക്കാനായില്ലെന്ന് നാട്ടുകാർ പറയുന്നു.