കല്ലമ്പലം: ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷനു സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. കാർ യാത്രികരായ കുമാരപുരം സ്വദേശികളായ ശീതൾ ആന്റണി (55),മെറിൻ തോമസ്(23),പിക്കപ്പ് വാൻ ഡ്രൈവർ പെരുങ്ങുഴി സ്വദേശി ശ്രീകാന്ത് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 10.25നായിരുന്നു അപകടം.എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് മുന്നിലൂടെ പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഡ്രൈവർ പിക്കപ്പ് വാഹനം ഒതുക്കി നിറുത്തുന്നതിനിടയിലാണ് പുറകെ വന്ന ഇന്നോവ കാർ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ തട്ടുകടയുടെ ബോർഡും തകർത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. കാറിന്റെ മുൻഭാഗം തകർന്നു.