പൂവാർ: അരുമാനൂരിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. നെയ്യാറ്റിൻകര പൂവാർ റോഡിലെ പട്യക്കാല, അരുമാനൂർ, കൈപ്പൂരി എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് തെരുവുനായ്ക്കളുടെ ശല്യം കാരണം പൊറുതിമുട്ടി ജീവിക്കുന്നത്. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ചിലർ പ്രദേശത്തുണ്ട്. സമയാസമയങ്ങളിൽ അവരുടെ വീടുകളിൽ എത്തുന്ന നായ്ക്കൾ പരിസരവാസികൾക്ക് ശല്യമാകുന്നതാണ് പതിവ് കാഴ്ച. അലക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ കടച്ചുകീറുക, കൂട്ടത്തോടെ കടിപിടികൂടുക, കാൽനടയാത്രക്കാരെ ഓടിച്ചിട്ട് കടിക്കുക എന്നിവയാണ് ഇവറ്റകളുടെ പ്രധാന വിനോദം. പ്രായമേറിയവർക്കും കുട്ടികൾക്കും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥ. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം മാത്രമില്ല. മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കി തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകണമെന്നാണ് പൊതുവായ ആവശ്യം. കൂടാതെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും ആക്ഷേപമുയരുന്നു.

 വഴിനടക്കാൻ വയ്യ

പൂവാർ ഗ്രാമ പഞ്ചായത്തിന്റെ ഇടറോഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായ പൂവാറിലെ പൊഴിക്കര, ഗോൾഡൻ ബീച്ച് എന്നിവിടങ്ങളിൽ സഞ്ചാരികൾക്ക് ഏറെ ഭീഷണിയാണ് തെരുവുനായ്ക്കൾ. പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങി നടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ ഭയമാണ്. വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പിനും അപ്പുറം, തെരുവുനായ്ക്കൾ പെറ്റ് പെരുകുന്നത് തടയാനോ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പുനരധിവസിപ്പിക്കാനോ നടപടികളില്ല.

 ആക്രമണം ഉറപ്പ്

കുടുംബശ്രീകൾ വഴി നടപ്പാക്കിവന്നിരുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി ഇപ്പോഴില്ല, അറവുമാലിന്യങ്ങൾ കൊണ്ടുതള്ളുന്നത് നിയന്ത്രിക്കാനും കഴിയുന്നില്ല. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് അസുഖങ്ങൾ പിടിപെടുമ്പോൾ അവയെ ഉപേക്ഷിക്കുന്നത് തെരുവിലേക്കാണ്. മാലിന്യം നിറച്ച വാഹനത്തോടൊപ്പം എത്തുന്ന തെരുവുനായ്ക്കളിൽ പലതും ആക്രമണകാരികളാണ്. വളർത്തുനായ്ക്കളിൽ ചിലത് വീട്ടുകാരെ കടിച്ച ശേഷം പുറത്തിറങ്ങി നാട്ടുകാരെ ആക്രമിക്കാറുണ്ട്.