ചിത്രീകരണം ഇൗമാസം അവസാനം

ss

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തിയ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിന്റെ രണ്ടാംഭാഗം സലാർ 2 ഇൗമാസം അവസാനം ചിത്രീകരണം ആരംഭിക്കും. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയിൽ പത്തുദിവസത്തെ ചിത്രീകരണത്തോടെയാണ് സലാർ 2 തുടക്കം കുറിക്കുന്നത്. ഹൈദരാബാദും ബംഗ്ളൂരുവും ആണ് പ്രധാന ലൊക്കേഷൻ. സലാർ 2 വിൽ പ്രതീക്ഷിക്കാത്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. അതേസമയം പ്രഭാസും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കെ.ജി.എഫ് 2 വിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ കഴിഞ്ഞ ഡിസംബർ 22 നാണ് തിയേറ്ററുകളിൽ എത്തിയത്. ശ്രുതി ഹാസനായിരുന്നു നായിക. ജഗപതി സാബു, ഇൗശ്വരി റാവു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം 650 കോടിയാണ് വാരിക്കൂട്ടിയത്. മലയാളത്തിലും ചിത്രം വൻ വിജയമായിരുന്നു. ആദ്യദിന കളക്ഷനിലും ചിത്രം റെക്കോർഡിട്ടു. പ്രഭാസിന്റെ വൺ മാൻഷോയും പൃഥ്വിരാജിന്റെ ശക്തമായ പ്രകടനവുമായിരുന്നു സലാറിന്റെ ഹൈലൈറ്റ്. കെ.ജി.എഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. കേരളത്തിൽ നിന്ന് സലാറിന്റെ ആദ്യദിന കളക്ഷൻ 4.65 കോടിയായിരുന്നു. സലാർ: പാർട്ട് വൺ സീസ് ഫയർ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. കെ.ജി.എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമ്മാണം. രവി ബസ്രൂർ ആണ് സംഗീതം. ഛായാഗ്രഹണം ഭുവൻ ഗൗഡ. സലാറിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും സലാർ 2 വിലും അണിനിരക്കുന്നു.